കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ രാജ്യാന്തര ജനറിക് എഐ കോണ്‍ക്ലേവിന് ഇന്ന് കൊച്ചിയിലെ ബോള്‍ഗാട്ടി ലുലു ഗ്രാന്റ് ഹയാത്ത് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമാകും. (India’s first Generic AI Conclave today in Kochi ) മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഐബിഎമ്മുമായി ചേര്‍ന്നാണ് എ ഐ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
|
എഐ പരിവര്‍ത്തന സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതുണ്ടാക്കുന്ന സ്വാധീനവും രണ്ടുദിവസത്തെ പരിപാടിയില്‍ ചര്‍ച്ച ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ഡോ. വി വേണു, ലുലു ഗ്രൂപ്പ് എംഡി എം എ യൂസഫലി തുടങ്ങിയവര്‍ പങ്കെടുക്കും.
രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, സംവേദനാത്മക സെഷനുകള്‍ തുടങ്ങി 17 സെഷനുകളാണുള്ളത്. ജനറേറ്റീവ് എഐ ലോകത്ത് വലിയ വളര്‍ച്ച കൈവരിക്കുന്ന ഘട്ടത്തില്‍ കേരളം ഈ മേഖലയില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത് രാജ്യത്തിന്റെ ജെന്‍ എഐ ഹബ്ബായി മാറുന്നതിന് മുതല്‍ക്കൂട്ടാകും. കേരളത്തെ നിര്‍മ്മിത ബുദ്ധി വ്യവസായങ്ങളുടെ ലക്ഷ്യസ്ഥാനമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതുണ്ടാക്കുന്ന സ്വാധീനവും ചര്‍ച്ച ചെയ്യുന്ന ആദ്യത്തെ കോണ്‍ക്ലേവാണ് നടക്കാന്‍ പോകുന്നത്. എഐ കേരളത്തിലും രാജ്യത്തും വ്യവസായങ്ങളില്‍ ഉണ്ടാക്കാന്‍ പോകുന്ന മുന്നേറ്റത്തിലെ സുപ്രധാന നാഴികക്കല്ലായി ഈ സമ്മേളനം മാറുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.





