15
Jun 2026
Mon
15 Jun 2026 Mon
ksrtc free travel

സംസ്ഥാനത്ത് ആദ്യമായി സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ സൗജന്യയാത്ര അനുവദിക്കുന്ന, യുഡിഎഫ് സര്‍ക്കാരിന്റെ ഇന്ദിരാ ഗാരന്റികളില്‍ ഒന്നായ ‘പ്രിയദര്‍ശിനി’ ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂരില്‍ മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിര്‍വഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മന്ത്രി സി.പി.ജോണ്‍ അധ്യക്ഷനായി. ഉദ്ഘാടനശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ബസില്‍ യാത്ര ചെയ്തു. തമ്പാനൂര്‍ സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍നിന്നു സെക്രട്ടേറിയറ്റ് വരെയാണു യാത്ര. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും.

പ്രിയദര്‍ശിനി യാത്രാപദ്ധതി ഉദ്ഘാടന ബസില്‍ ഡ്രൈവറും കണ്ടക്ടറും വനിതകളാണ്. ചരിത്ര ദൗത്യത്തിന് അവസരം കിട്ടിയതില്‍ ഡ്രൈവര്‍ ഷീലയും ആദ്യ സീറോ ടിക്കറ്റ് നല്‍കുന്നതിലെ കണ്ടക്ടര്‍ ജയകുമാരിയും സന്തോഷം പ്രകടിപ്പിച്ചു.

ആദ്യഘട്ടത്തില്‍ 3,125 ഓര്‍ഡിനറി ബസുകളിലാണു പദ്ധതി നടപ്പാക്കുക. ഓര്‍ഡിനറി നിരക്കുള്ള സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി, ഗ്രാമവണ്ടി, ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്, പോയിന്റ് ടു പോയിന്റ്, ടൗണ്‍ ടു ടൗണ്‍(ടിടി) ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര ലഭിക്കും.

പ്രചാരണവുമായി കെപിസിസി

‘പ്രിയദര്‍ശിനി’ പദ്ധതിക്കു പരമാവധി പ്രചാരണം നല്‍കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്കു കെപിസിസിയുടെ നിര്‍ദേശം. സംസ്ഥാനത്തുടനീളം സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുമിടയില്‍ പ്രചാരണം നടത്തി സര്‍ക്കാരിന്റെ പ്രതിഛായ ഉയര്‍ത്തുകയാണു ലക്ഷ്യം. മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രചാരണത്തിനിറങ്ങണം. ജില്ലാ, ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രചാരണ പരിപാടികള്‍, വാര്‍ഡ്തലത്തില്‍ വിശദീകരണ യോഗങ്ങള്‍, ഗൃഹസമ്പര്‍ക്ക പരിപാടികള്‍, പദ്ധതിയുമായി ബന്ധപ്പെട്ട് പരസ്യബോര്‍ഡുകള്‍, പദ്ധതി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് ബസ് സ്റ്റാന്‍ഡുകളില്‍ വിശദീകരണ യോഗങ്ങള്‍, സമൂഹമാധ്യമത്തിലൂടെയുള്ള പ്രചാരണം എന്നിവ പാര്‍ട്ടി നടത്തും.

ബഹിഷ്‌കരിച്ച് സിപിഎം

സിപിഎംപ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് സിപിഎം. ഉദ്ഘാടന പരിപാടിയില്‍നിന്നു വിട്ടുനില്‍ക്കാന്‍ മുഴുവന്‍ എംഎല്‍എമാര്‍ക്കും പാര്‍ട്ടി നിര്‍ദേശം നല്‍കി. സൗജന്യയാത്ര സംബന്ധിച്ചു യുഡിഎഫ് പറഞ്ഞതല്ല നടപ്പാക്കുന്നതെന്നും ആളെ പറ്റിക്കുന്ന നിലപാടാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. സിപിഎമ്മിന്റെ ബഹിഷ്‌കരണം ചരിത്രപരമായ വിഡ്ഢിത്തമാവരുതെന്ന് മന്ത്രി സി.പി.ജോണ്‍ പറഞ്ഞു.

Indira Guarantee : KSRTC Priyadarshini free travel for women