കുവൈത്തില്‍ അറസ്റ്റിലായ 19 മലയാളി നഴ്‌സുമാര്‍ മോചിതരായി
|
കുവൈത്ത് സിറ്റി: നിയമലംഘനങ്ങളുടെ പേരില്‍ കുവൈത്തില്‍ അറസ്റ്റിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ വിട്ടയച്ചതായി കുവൈത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. മോചിപ്പിക്കപ്പെട്ട 60 പേരില്‍ 34 പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ 19 മലയാളി നഴ്‌സമാരും ഉള്‍പ്പെടും.
മൂന്നാഴ്ച തടവില്‍ കഴിഞ്ഞ ഇവര്‍ ഇന്നലെ ഉച്ചയോടെയാണ് പുറത്തിറങ്ങിയത്. ഇവരെ ഇന്നു നാടുകടത്താന്‍ നടപടികള്‍ പുരോഗമിക്കുകയായിരുന്നു. ജയിലില്‍നിന്ന് ആശുപത്രിയില്‍ എത്തിച്ചു പരിശോധന നടത്തിയ ശേഷം വീടുകളില്‍ പോകാന്‍ അനുവദിച്ചു.
ഇറാന്‍ പൗരന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. വര്‍ഷങ്ങളായി നിയമാനുസൃതം ജോലി ചെയ്തവരാണ് മിക്കവരും. ശസ്ത്രക്രിയാ മുറിയില്‍ ലൈസന്‍സില്ലാതെ ജോലി ചെയ്തു, മതിയായ യോഗ്യതകള്‍ ഇല്ലായിരുന്നു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്ത്യക്കാര്‍ക്കൊപ്പം അറസ്റ്റിലായ ഫിലിപ്പീന്‍സ്, ഈജിപ്ത്, ഇറാന്‍ പൗരന്‍മാരെയും മോചിപ്പിച്ചിട്ടുണ്ട്.
ആരോഗ്യപ്രവര്‍ത്തകരുടെ മോചനത്തിനായി എംബസിയും വിദേശകാര്യമന്ത്രാലയവും നോര്‍ക്കയും ഇടപെടലുകള്‍ നടത്തി വരികയായിരുന്നു. കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ നേരിട്ടുള്ള ഇടപെടലാണ് മോചനത്തിന് വഴിതുറന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





