നാല് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാമിന്(ഐടിഇപി) വേണ്ടിയുള്ള ദേശീയ പൊതു പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തിയ്യതി നീട്ടി. ബിരുദത്തിന് ശേഷം ബിഎഡ് എടുക്കുന്ന അഞ്ചു വര്‍ഷത്തെ പ്രോഗ്രാമിന് പകരമായുള്ള ഐടിഇപി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സര്‍വകലാശാലകള്‍, സംസ്ഥാന സര്‍വകലാശാലകള്‍, ഐഐടികള്‍, എന്‍ഐടികള്‍, ആര്‍ഐഇ, സര്‍ക്കാര്‍ കോളജുകള്‍ എന്നിവിടങ്ങളിലാണ് ലഭിക്കുക. ( Integrated teacher education program f National Common Entrance Test date extended )
|
പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം മെയ് 15ന് രാത്രി 11.30 ആണ് ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള അവസാന സമയം. ഫീസ് പേമെന്റിനുള്ള അവസാന തിയ്യതിയും ഇതു തന്നെയാണ്.
വിവരങ്ങള്‍ തിരുത്താനുള്ള വിന്‍ഡോ, പരീക്ഷ എഴുതാനുള്ള സിറ്റി പ്രഖ്യാപനം, അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ്, ഫലപ്രഖ്യാപനം എന്നിവയ്ക്കുള്ള തിയ്യതികള്‍ അതത് സമയത്ത് എന്‍സിഇടി പോര്‍ട്ടല്‍ വഴി അറിയിക്കും.
ഒരു വിദ്യാര്‍ത്ഥി ഒന്നിലധികം അപേക്ഷകള്‍ നല്കാന് പാടില്ല. ഒന്നിലധികം അപേക്ഷകള്‍ നല്‍കിയതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.
അപേക്ഷ സമര്‍പ്പിക്കുന്നതില്‍ എന്തെങ്കിലും പ്രയാസം നേരിട്ടാല്‍ 01140759000 / 011 – 69227700 എന്നീ നമ്പറുകളിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
എന്‍ടിഎ വെബ്സൈറ്റുകളായ www.nta.ac.in , https://ncet.samarth.ac.in/ എന്നിവയില്‍ വിശദ വിവരങ്ങള്‍ ലഭ്യമാണ്.
എന്താണ് ഐടിഇപി
ബിരുദത്തിന് ശേഷം ബിഎഡ്(ബാച്ചിലര്‍ ഓഫ് എജുക്കേഷന്‍) കോഴ്സ് പൂര്‍ത്തിയാക്കി കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്(കെ.ടെറ്റ്) യോഗ്യത കൂടി നേടിയാല്‍ കേരളത്തില്‍ ഹൈസ്കൂളില്‍ അധ്യാപകരാവാനുള്ള യോഗ്യതയാവും. ബിരുദം കഴിഞ്ഞാല്‍ ബിഎഡ് പ്രത്യേകമായി പഠിക്കുന്നതിന് പകരം ബിരുദത്തോട് സംയോജിതമായി ബിഎഡ് പഠിക്കാനുള്ള അവസരമിപ്പോള് ഒട്ടേറെ സ്ഥാപനങ്ങളിലുണ്ട്.
പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ദേശീയ തലത്തില്‍ ശ്രദ്ധേയമായ നിരവധി സ്ഥാപനങ്ങളില്‍ നാലു വര്‍ഷം ദൈര്‍ഘ്യമുള്ള ഇന്റഗ്രേറ്റഡ് എജുക്കേഷന്‍ പ്രോഗ്രാമിന് അവസരമൊരുക്കുന്നതാണ് ദേശീയ തല പരീക്ഷയായ നാഷനല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ്.
കേരളത്തിലും പഠിക്കാം
എന്‍സിഇടി പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ താഴെക്കൊടുത്ത സ്ഥാപനങ്ങളില്‍ പഠിക്കാന്‍ അവസരമുണ്ടാവും.
1. കേരള കേന്ദ്ര സര്‍വകലാശാല, കാസര്‍കോഡ്- ബിഎസ് സി ബിഎഡ്, ബിഎ ബിഎഡ്, ബികോ ബിഎഡ് ( ഓരോന്നിനും 50 സീറ്റുകള്‍ വീതം)
2. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോഴിക്കോട്- ബിഎസ് സി ബിഎഡ്(50 സീറ്റുകള്‍)
3. സെന്‍ട്രല്‍ സംസ്കൃത സര്‍വകലാശാല, തൃശൂര്‍ – ബിഎ ബിഎഡ് (100 സീറ്റുകള്‍)
പരീക്ഷ രീതി
മലയാളം ഉള്‍പ്പെടെ 13 ഭാഷകളിലായി രാജ്യമൊട്ടാകെ 178 നഗരങ്ങളിലാണ് പരീക്ഷ നടത്തുന്നത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് പന്ത്രണ്ടാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയാണ് വേണ്ടത്. ജനറലിന് 1200 രൂപയും ഒബിസി വിഭാഗക്കാര്‍ക്ക് 1000 രൂപയും എസ് സി, എസ്ടി വിഭാഗക്കാര്‍ക്ക് 650 രൂപയുമാണ് പരീക്ഷാ ഫീസ്.
നാല് സെക്ഷനുകളിലായാണ് ചോദ്യപേപ്പറുണ്ടാവുക. സെക്ഷന്‍ ഒന്നില്‍ രണ്ട് ഭാഷകള്‍, സെക്ഷന്‍ രണ്ടില്‍ 3 വിഷയങ്ങള്‍, സെക്ഷന്‍ മൂന്നില്‍ ജനറല്‍ ടെസ്റ്റ്, സെക്ഷന്‍ നാലില്‍ അധ്യാപക അഭിരുചി പരിശോധിക്കാനുള്ള ചോദ്യങ്ങള്‍ എന്നിങ്ങനെയാണ് പരീക്ഷാ രീതി.
തിരുവനന്തപുരം, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, മംഗലാപുരം, ബംഗളൂരു, മൈസൂര്‍, കോയമ്പത്തൂര്‍ അടക്കം 178 പരീക്ഷാ കേന്ദ്രങ്ങളുണ്ട്.


