20
Sep 2023
Sat
20 Sep 2023 Sat

കൊല്‍ക്കത്ത: മോഹന്‍ ബഗാന്‍ സൂപ്പര്‍ ജെയ്ന്റസിനൊപ്പമുള്ള സഹലിന്റെ ഐ എസ് എല്‍ അരങ്ങേറ്റം ഗംഭീരമായി. ഇന്ന് കൊല്‍ക്കത്തയില്‍ വെച്ച് പഞ്ചാബ് എഫ് സിയെ നേരിട്ട മോഹന്‍ ബഗാന്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് വിജയിച്ചപ്പോള്‍ സഹല്‍ ആണ് താരമായത്. ഇന്ന് മോഹന്‍ ബഗാന്‍ നേടിയ രണ്ടു ഗോളുകളില്‍ സഹലിന് വലിയ പങ്കുണ്ടായിരുന്നു. 10ആം മിനുട്ടില്‍ കമ്മിന്‍സിന്റെ ഗോളിലൂടെ ആണ് മോഹന്‍ ബഗാന്‍ ലീഡ് എടുത്തത്. ഈ ഗോള്‍ സഹലിന്റെ അസിസ്റ്റ് ആയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

35ആം മിനുട്ടില്‍ പെട്രാറ്റോസിന്റെ ഗോളില്‍ മോഹന്‍ ബഗാന്‍ ലീഡ് ഇരട്ടിയാക്കി. ലിസ്റ്റണ്‍ കൊളാസോ ആയിരുന്നു ആ ഗോള്‍ ഒരുക്കിയത്. സ്‌കോര്‍ 2-0. ഈ ഗോളിന് ശേഷം മോഹന്‍ ബഗാന്‍ അലസമായാണ് കുറച്ച് നേരം കളിച്ചത്. ഇത് പഞ്ചാബിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. അവര്‍ രണ്ടാം പകുതിയില്‍ 53ആം മിനുട്ടില്‍ ലൂകയിലൂടെ ഒരു ഗോള്‍ മടക്കി. പഞ്ചാബ് എഫ് സിയുടെ ഐ എസ് എല്‍ ചരിത്രത്തിലെ ആദ്യ ഗോളായി ഇത്.

ഇതിനു ശേഷം മോഹന്‍ ബഗാന്‍ കളിയുടെ നിയന്ത്രണം തിരിച്ചു പിടിക്കാനായി ചില മാറ്റങ്ങള്‍ നടത്തി. 64ആം മിനുട്ടില്‍ സബ്ബായി എത്തിയ മന്‍വീര്‍ സിംഗിലൂടെ ബഗാന്‍ മൂന്നാം ഗോള്‍ നേടി. ഈ ഗോള്‍ അസിസ്റ്റ് ചെയ്തത് പെട്രാറ്റോസ് ആണെങ്കില്‍ ആ അവസരം സൃഷ്ടിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും സഹലിനായിരുന്നു. സഹല്‍ ആണ് പഞ്ചാബ് ഡിഫന്‍സിനെ തന്റെ മികച്ച ടേണുകളിലൂടെ മറികടന്ന് ഈ അവസരം സൃഷ്ടിച്ചത്.

ഈ ഗോള്‍ ബഗാന്റെ വിജയവും ഉറപ്പിച്ചു. ഇനി ബഗാന്‍ അടുത്ത മത്സരത്തില്‍ ബെംഗളൂരുവിനെയും പഞ്ചാബ് എഫ് സി ഗോവയെയും നേരിടും.