08
Jan 2026
Tue
08 Jan 2026 Tue
VK IBRAHIM KUNJU

VK IBRAHIM KUNJU മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിയോഗം. ഹൃദയത്തിന്റെയും കിഡ്നിയുടെയും പ്രവര്‍ത്തനം തകരാറില്‍ ആയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ട് തവണ മന്ത്രിയും നാല് തവണ എംഎല്‍എയുമായിരുന്നു. വ്യവസായം, പൊതുമരാമത്ത്, സാമൂഹ്യക്ഷേമം വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവും ലീഗിന്റെ തെക്കന്‍ കേരളത്തിലെ മുഖവുമായിരുന്ന ഇബ്രാഹിം കുഞ്ഞ് ട്രേഡ് യൂണിയന്‍ രംഗത്തും തിളങ്ങി. മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളായ എംഎസ്എഫ്, യൂത്ത് ലീഗ് എന്നിവയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. 2001, 2006 തെരഞ്ഞെടുപ്പുകളില്‍ മട്ടാഞ്ചേരിയില്‍ നിന്നും 2011, 2016 തെരഞ്ഞെടുപ്പുകളില്‍ കളമശ്ശേരിയില്‍ നിന്നും നിയമസഭയിലെത്തി. 2005 ജനുവരി മുതല്‍ 2006 മെയ് വരെ വ്യവസായ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായി. ഐസ്‌ക്രീം കേസില്‍ പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്നാണ് 2005ല്‍ ഇബ്രാഹിം കുഞ്ഞ് വ്യവസായ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് വരുന്നത്. 2011 മുതല്‍ 2016 വരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു.

ALSO READ: ഗ്രോക്ക് എഐ കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ നിര്‍മിക്കുന്നു; ഇലോണ്‍ മസ്‌കിനോട് വിശദീകരണം തേടി

മുസ്ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ചെയര്‍മാന്‍, കുസാറ്റ് സിന്‍ഡിക്കേറ്റ് മെമ്പര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. മന്ത്രിയായിട്ടുള്ള പ്രവര്‍ത്തന മികവിന് ഇന്ത്യയിലെ പ്രമുഖ പത്രമായ ഡെക്കാന്‍ ക്രോണിക്കിളിന്റെ 2012 മികച്ച മന്ത്രിക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് മിനിസ്റ്റര്‍ ഓഫ് 2013 കേളീ കേരള പുരസ്‌കാരം, യുഎസ്എ ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്‍ അവാര്‍ഡ് എന്നിവയ്ക്കും അര്‍ഹനായി. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വി കെ ഇബ്രാഹിം കുഞ്ഞിനെ 2020 നവംബറില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. 2021 ജനുവരിയില്‍ ആരോഗ്യനില പരിഗണിച്ച് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

വി യു ഖാദറിന്റെയും ചിത്തുമ്മയുടെയും മകനായി 1952 മെയ് 20ന് ആലുവയിലാണ് ജനനം. ഭാര്യ നദീറ, മൂന്ന് ആണ്‍മക്കള്‍ എന്നിവരടങ്ങുന്നതാണ് കുടുംബം. മക്കള്‍ അഡ്വ. വി ഇ അബ്ദുള്‍ ഗഫൂര്‍, വി ഇ അബ്ബാസ്, വി ഇ അനൂപ്. 2021ലെ തെരഞ്ഞെടുപ്പില്‍ കളമശേരിയില്‍ നിന്നും വി.ഇ. അബ്ധുല്‍ ഗഫൂര്‍ മത്സരിച്ചിരുന്നു. വി ഇ അബ്ബാസ്, വി ഇ അനൂപ് എന്നിവര്‍ വ്യവസായികളാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക