|
മലപ്പുറം: സി.പി.ഐയുടെ മലപ്പുറം ജില്ലാ സമ്മേളനത്തിലുയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഇടതു സ്വതന്ത്ര എം.എൽ.എയും മുൻ മന്ത്രിയുമായ കെ.ടി ജലീൽ. എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എൽ.എമാരെന്ന് ജലീൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. നിലമ്പൂർ എം.എൽ.എ പി.വി. അൻവറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സി.പി.ഐയുടെ പേര് പരാമർശിക്കാതെയാണ് പോസ്റ്റ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എൽ.എമാർ. മാധ്യമങ്ങളും വലതുപക്ഷവും നിശ്ചയിക്കുന്ന അജണ്ടകൾക്ക് ചൂട്ടുപിടിക്കുന്നവർ ആത്യന്തികമായി ദുർബലമാക്കുന്നത് ഏതുചേരിയെയാണെന്ന് ഗൗരവപൂർവ്വം ആലോചിച്ചാൽ നന്നാകും. യഥാർത്ഥ മതനിരപേക്ഷ മനസ്സുകൾ ആന കുത്തിയാലും നിൽക്കുന്നേടത്ത് നിന്ന് ഒരിഞ്ചും അകലില്ല. അകലുന്നുണ്ടെങ്കിൽ ‘അസുഖം’ വേറെയാണ്. അതിനുള്ള ചികിൽസ വേറെത്തന്നെ നൽകണം- ജലീൽ പറഞ്ഞു.
കഴിഞ്ഞദിവസം ജില്ല സെക്രട്ടറി പി.കെ കൃഷ്ണദാസ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് ജലീലിനെയും അൻവറിനെയും പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള സി.പി.ഐയുടെ വിമർശനം. ജലീൽ ഉയർത്തിയ വിവാദ പ്രസ്താവനകൾ ഇടതുപക്ഷ- മതനിരപേക്ഷ മനസുകളെ എൽ.ഡി.എഫിൽ നിന്ന് അകറ്റാൻ കാരണമായിട്ടുണ്ടെന്ന് തിരിച്ചറിയണം. ഇടതുപക്ഷ നിലപാടുകളെ, പ്രത്യേകിച്ചും പാരിസ്ഥിതിക നിലപാടുകളെ അപഹാസ്യമാക്കുന്ന പി.വി. അൻവർ എം.എൽ.എയുടെ നടപടികൾ തിരുത്താനുള്ള ജാഗ്രതയും ബാധ്യതയും ബന്ധപ്പെട്ടവർ പുലർത്തണം. ഇടതുപക്ഷ രാഷ്ട്രീയത്തിൻറെ സുതാര്യതയും വ്യക്തതയും ഉയർത്തിപ്പിടിച്ചുകൊണ്ട് മാത്രമേ രാഷ്ട്രീയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുകയുള്ളൂ എന്ന് തിരിച്ചറിയണം -റിപ്പോർട്ടിൽ പറയുന്നു.
kt jaleel hit back on criticism-by-cpi-malappuram-conference



