യാത്രക്കാരുടെ ഏറെനാളായുളള ആവശ്യം നിറവേറ്റി ദക്ഷിണ റെയില്‍വേ. തൃശ്ശൂരും എറണാകുളത്തിനും ഇടയില്‍ സ്റ്റോപ്പുകള്‍ ഇല്ലാതെ സര്‍വീസ് നടത്തിയിരുന്ന ജനശതാബ്ദി എക്സ്പ്രസ് ഇനി മുതല്‍ ആലുവയില്‍ നിര്‍ത്തും. ആലുവ, അങ്കമാലി തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ക്ക് വലിയ സൗകര്യമാണ് തീരുമാനം.
|
എന്നാല്‍, പരീക്ഷണാടിസ്ഥാനത്തില്‍ ആണ് സ്റ്റോപ്പ് അനുവദിച്ചത്. ഭാവിയില്‍ ഇത് ഒഴിവാക്കാനോ അല്ലെങ്കില്‍ തുടരാനോ സാധ്യതയുണ്ട്. മെയ് 22 വെള്ളി മുതല്‍ ആയിരിക്കും ട്രെയിന്‍ ആലുവയില്‍ നിര്‍ത്തുക. ഇക്കാലയളവില്‍ യാത്രക്കാരില്‍ നിന്ന് ലഭിക്കുന്ന പ്രതികരണവും, യാത്രക്കാരുടെ എണ്ണവും കണക്കിലെടുത്തായിരിക്കും, പിന്നീട് സ്റ്റോപ്പ് തുടരണോ വേണ്ടയോ എന്ന കാര്യം റെയില്‍വേ തീരുമാനിക്കുന്നത്.
റെയില്‍വേ അറിയിപ്പ് ഇപ്രകാരം – ട്രെയിന്‍ നമ്പര്‍ 12081/12082 ജനശതാബ്ദി എക്സ്പ്രസ് ഇനി മുതല്‍ ആലുവയില്‍ നിര്‍ത്തും. രണ്ട് മിനിറ്റ് സമയത്തേക്കാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇത് മെയ് 22 മുതല്‍ ആരംഭിക്കുമെന്നും അറിയിപ്പിലുണ്ട്. മെയ് 22 മുതല്‍ ജനശതാബ്ദിയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കുറച്ച് കാലത്തേക്ക് എങ്കിലും ആലുവയിലേക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്.
ട്രെയിന്‍ നമ്പര്‍ 12081 കണ്ണൂര്‍ – തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്സ്പ്രസ് പുലര്‍ച്ചെ 4.50 നാണ് കണ്ണൂരില്‍ നിന്ന് യാത്ര ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 2.10 മണിക്ക് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരുന്ന ട്രെയിന്‍ രാവിലെ 8.48 ആകുമ്പോഴാണ് ആലുവയില്‍ എത്തുന്നത്. ഇവിടെ രണ്ട് മിനിറ്റ് നിര്‍ത്തിയ ശേഷം 8.50 ന് ട്രെയിന്‍ യാത്ര തിരിക്കും.
ട്രെയിന്‍ നമ്പര്‍ 12082 തിരുവനന്തപുരം സെന്‍ട്രല്‍ – കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് ഉച്ചയ്ക്ക് 2.50ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. അര്‍ധരാത്രി 12.50ന് കണ്ണൂര്‍ എത്തുംവിധത്തിലാണ് യാത്ര. രാത്രി 7.19നാണ് ട്രെയിന്‍ ആലുവയില്‍ എത്തിച്ചേരുന്നത്. ഇവിടെ രണ്ട് മിനിറ്റ് നിര്‍ത്തിയ ശേഷം 7.21 ന് യാത്ര പുനരാരംഭിക്കും.



