22
Nov 2023
Sun
22 Nov 2023 Sun

ജിദ്ദ: അല്‍ ഹുദാ മദ്റസയുടെ 2023 – 24 അധ്യയന വര്‍ഷത്തെ മാതൃ സംഗമം മദ്റസാ ഓഡിറ്റോറിയത്തില്‍ നടന്നു. ധാര്‍മിക മൂല്യങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍ മത പഠനത്തിന്, വിശിഷ്യാ മദ്റസാ പഠനത്തിന് ഏറെ പ്രസക്തിയുണ്ടെന്നും അത് കുട്ടികളും രക്ഷിതാക്കളും ഒരുപോലെ ഉള്‍ക്കൊള്ളണമെന്നും സംഗമത്തില്‍ മദ്റസാ പ്രിന്‍സിപ്പല്‍ ലിയാഖത്ത് അലി ഖാന്‍ ഉദ്ബോധിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മക്കളെ ഇസ്‌ലാമിക ചുറ്റുപാടില്‍ വളര്‍ത്തുന്നതിനും അവരില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ സന്നിവേശിപ്പിക്കുന്നതിനും അവരുടെ ആദ്യ പാഠശാലയായ മാതാക്കളുടെ ശ്രദ്ധയും ഇടപെടലും സദാ ഉണ്ടായിരിക്കണമെന്നും അദ്ദേഹം ഉമ്മമാരെ ഓര്‍മ്മപ്പെടുത്തി. മദ്റസയെക്കുറിച്ചും കുട്ടികളുടെ പഠന സംബന്ധമായ വിഷയങ്ങളെക്കുറിച്ചും മാതാക്കളില്‍ നിന്നും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും അവക്ക് മദ്റസാ അധ്യാപകരും മാനേജ്മെന്റും പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്തു.
വരും ദിവസങ്ങളില്‍ കുട്ടികള്‍ക്കായി കലാ-കായിക മത്സരങ്ങളും കുട്ടികളെയും മാതാപിതാക്കളേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പഠന യാത്രകളും സംഘടിപ്പിക്കുന്നതാണെന്ന് മാനേജ്മെന്റ് അറിയിച്ചു.

2022 -23 അധ്യയന വര്‍ഷത്തില്‍ 5,7 ക്ലാസുകളിലെ സി.ഐ.ഇ.ആര്‍ പൊതുപരീക്ഷയില്‍ വിജയികളായ കുട്ടികളെ സംഗമത്തില്‍ വെച്ച് അനുമോദിക്കുകയും സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും വിതരണം ചെയ്യുകയും ചെയ്തു. നൂറ് ശതമാനം വിജയം നേടിയ കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഏഴാം ക്ലാസില്‍ നിന്നും അഹമദ് റിഷാന്‍, ഹെമിന്‍ അഹമദ്, ജസീല്‍ അഹമദ്, ഉമറുല്‍ ഫാറൂഖ്, അഫീഹ തെക്കില്‍, ഇന്‍ശ ഫിറോസ്‌, ശിസ്ന നിസാര്‍ എന്നിവരും അഞ്ചാം ക്ലാസില്‍ നിന്നും ഹദഫ് മുഹമ്മദ്‌, മുഹമ്മദ്‌ യാസീന്‍, മുഹമ്മദ്‌ സൈന്‍, സാഹില്‍ സാജിദ്, ഉമര്‍ നാസ്, അഫ്രീന്‍ അഷ്‌റഫ്‌ അലി, ഫാത്തിമ ഫില്‍ദ, സാറ ഫാസില്‍ എന്നിവരും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. വിജയികളെ അധ്യാപകരും മാനേജ്മെന്റ് ഭാരവാഹികളും അനുമോദിച്ചു.

ദുബായില്‍ നടന്ന എട്ടാമത് അന്താരാഷ്‌ട്ര അറബിക് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് തിരിച്ചെത്തിയ മദ്രസാ അധ്യാപകന്‍ മുഹമ്മദ് സുല്ലമി ആര്യന്‍തൊടികയെ ചടങ്ങിൽ ആദരിച്ചു. അദ്ദേഹത്തിനുള്ള സ്നേഹോപഹാരം ഇസ്ലാഹി സെന്‍റെര്‍ ഭാരവാഹികള്‍ കൈമാറി. സംഗമത്തിൽ മദ്രസാ കണ്‍വീനര്‍ ജമാല്‍ ഇസ്മായില്‍ നന്ദി പ്രകാശിപ്പിച്ചു