06
Jan 2024
Thu
06 Jan 2024 Thu

ജെസ്‌ന മതംമാറിയിട്ടില്ല, തിരോധാനത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കില്ല; CBI റിപ്പോര്‍ട്ടിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസില്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ജെസ്‌ന മതംമാറിയിട്ടില്ലെന്നും തിരോധാനത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കില്ലെന്നും മരിച്ചതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജെസ്‌നയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ചിന്റെ വാദങ്ങള്‍ തള്ളുന്നതാണ് സിബിഐ റിപ്പോര്‍ട്ട്.

പൊന്നാനിയിലും ആര്യസമാജത്തിലുമെല്ലാം പരിശോധനകള്‍ നടത്തി. തമിഴ്‌നാട്ടില്‍ ജെസ്‌നയുണ്ടെന്ന തരത്തില്‍ ക്രൈംബ്രാഞ്ച് ഒരു ഘട്ടത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും മുംബൈയിലും പരിശോധനകള്‍ നടത്തി. എന്നാല്‍ ഇവിടങ്ങളിലൊന്നും തന്നെ ജസ്‌നയെക്കുറിച്ച് ഒരു വിവരങ്ങളും ലഭിച്ചില്ല. ഒരു ഘത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. എന്നിട്ടും ജെസ്‌നയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. മാത്രമല്ല 2018 മുതല്‍ ലഭിച്ച മൃതദേഹങ്ങളും പരിശോധിച്ചു. ഇതില്‍ ഒന്നുപോലും ജെസ്‌നയുടേതല്ലെന്നും കണ്ടെത്തി.

തിരോധാനത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുള്ളതായ സൂചനകളും ലഭിച്ചില്ല. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നടത്തിയ അന്വേഷണത്തിലും ജെസ്‌നയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചില്ല. ജസ്‌നയുടെ തിരോധാനത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അജ്ഞാത മൃതദേഹങ്ങളില്‍ ഏതാണ്ട് മിക്കവയും പരിശോധിച്ചു. കേരളത്തിലെ സൂയിസൈഡ് പോയിന്റുകളിലും അന്വേഷണം നടത്തിയിരുന്നു. കേരളത്തില്‍ ആത്മഹത്യ നടക്കാറുള്ള എല്ലാ മേഖലകളിലും അന്വേഷിച്ചു. തിരോധാനക്കേസില്‍ ഗോള്‍ഡന്‍ അവര്‍ ആയ ആദ്യ 48 മണിക്കൂര്‍ പൊലീസ് പാഴാക്കിയെന്നും സിബിഐ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ജസ്‌ന മരിച്ചതിനും ഒരു തെളിവും ലഭിച്ചിട്ടില്ല. കോവിഡ് സമയമായതോടെ, ജസ്‌ന കോവിഡ് വാക്‌സിന്‍ എടുത്തതിന്റെയോ കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിന്റെയോ തെളിവ് ലഭിച്ചിട്ടില്ല. പിതാവിനെയും സഹൃത്തിനെയും ബ്രെയിന്‍ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. അവര്‍ നല്‍കിയ മൊഴിയെല്ലാം ശരിയാണെന്ന് തെളിഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക