20
Apr 2026
Mon
20 Apr 2026 Mon
JAMMU KASHMIR JAMA-ATH-E ISLAMI

ശ്രീനഗര്‍: നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 58 സ്വകാര്യ സ്‌കൂളുകള്‍ കൂടി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതോടെ സംഘടനയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടി ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റില്‍, ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്ന കാരണത്താല്‍ താഴ് വരയിലെ ഇരുനൂറിലധികം സ്വകാര്യ സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതിയ നടപടിയോടെ സര്‍ക്കാര്‍ ഏറ്റെടുത്ത ആകെ സ്‌കൂളുകളുടെ എണ്ണം ഏകദേശം മുന്നൂറിലെത്തി. ഇത്രയും വലിയ തോതിലുള്ള നടപടികള്‍ വിദ്യാര്‍ത്ഥികളെയും മേഖലയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെയും എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വലിയ ആശങ്കകള്‍ ഉയരുന്നുണ്ട്.

കനത്ത മഴയ്ക്കിടയിലും വടക്കന്‍ കശ്മീരിലെ ലാംഗേറ്റിലുള്ള എവര്‍ഷൈന്‍ പബ്ലിക് സ്‌കൂള്‍ തോക്കേന്തിയ പോലീസ് ഉദ്യോഗസ്ഥര്‍ വളയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു വിദ്യാലയത്തെ സായുധ സേന വളയുന്ന ദൃശ്യങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്കും ആശങ്കകള്‍ക്കും വഴിതെളിച്ചിട്ടുണ്ട്.

ALSO READ: രണ്ടാമത്തെ കണ്‍മണിക്കായി ദീപികയും രണ്‍വീറും; സന്തോഷവാര്‍ത്ത പങ്കുവെച്ച് താരങ്ങള്‍

2019-ല്‍ നിരോധിക്കപ്പെടുന്നതിന് മുമ്പ്, ഫലാഹ്-ഇ-ആം ട്രസ്റ്റ് (FAT) എന്ന വിദ്യാഭ്യാസ വിഭാഗം വഴി ജമ്മു കശ്മീരിലുടനീളം ഏകദേശം 350 സ്‌കൂളുകളുടെ വലിയൊരു ശൃംഖല തന്നെ ജമാഅത്തെ ഇസ്ലാമി നടത്തിയിരുന്നു. ഏകദേശം ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഈ സ്ഥാപനങ്ങളില്‍ പഠിച്ചിരുന്നത്. പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിലെ വിദ്യാഭ്യാസ മേഖലയില്‍ ഈ സ്ഥാപനങ്ങള്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു.

2019-ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീര്‍ പുനസംഘടനാ നിയമം നിലവില്‍ വരികയും ചെയ്തതോടെ, മേഖലയിലെ പോലീസ് സംവിധാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി. ഇതിന് പിന്നാലെ, സ്‌കൂള്‍ മാനേജ്മെന്റുകളിലെ അംഗങ്ങള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പല സ്‌കൂളുകള്‍ക്കും സുരക്ഷാ അനുമതി (Security Clearance) ജമ്മു കശ്മീര്‍ പോലീസ് നിഷേധിച്ചിരുന്നു.

2022-ല്‍, ലഫ്റ്റനന്റ് ഗവര്‍ണറുടെ ഭരണകൂടം ഫലാഹ്-ഇ-ആം ട്രസ്റ്റിനെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിലക്കുകയും ഇവ സീല്‍ ചെയ്യാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഭീകരവാദ ബന്ധമുണ്ടെന്ന് ആരോപിച്ച് നിരോധിച്ച സംഘടനകളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നാണ് അധികൃതരുടെ നിലപാട്. എന്നാല്‍, പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്നതും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതുമായ ഇത്തരം സ്‌കൂളുകള്‍ മൊത്തമായി ഏറ്റെടുക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗമാണെന്നുമാണ് വിമര്‍ശകരുടെ വാദം.