ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പരിഷ്‌കാരം 2029 പൊതുതിരഞ്ഞെടുപ്പോടെ നിലവില്‍ വന്നേക്കുമെന്ന് സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി) അധ്യക്ഷനും ബിജെപി എംപിയുമായ പി.പി. ചൗധരി. ഇതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗോവയില്‍ ജെപിസിയുടെ രണ്ടുദിവസത്തെ യോഗത്തിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചൗധരി.
|
നിര്‍ദിഷ്ട തിരഞ്ഞെടുപ്പ് പരിഷ്‌കാരവുമായി ബന്ധപ്പെട്ട് സമവായത്തിലെത്തിച്ചേരുന്നതിന്റെ ഭാഗമായി രാജ്യമെമ്പാടുമുള്ള വിവിധ കക്ഷികളുമായി ജെപിസി കൂടിക്കാഴ്ച നടത്തിയതായും ചൗധരി പറഞ്ഞു. കൂടിക്കാഴ്ച നടത്തിയതില്‍ 99 ശതമാനം പേരും നിര്‍ദിഷ്ട പരിഷ്‌കാരത്തെ പിന്തുണച്ചതായും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലെ ഭരണഘടനാ വിദഗ്ധരും സിവില്‍ സൊസൈറ്റി സംഘടനകളും വിദ്യാഭ്യാസ വിദഗ്ധരും ഉള്‍പ്പെടെയുള്ളവരുമായി ഇതിനകം കൂടിക്കാഴ്ച നടത്തിയെന്നും ചൗധരി വ്യക്തമാക്കി.





