26
Jun 2024
Wed
26 Jun 2024 Wed

തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ പരാജയപ്പെട്ടതിനു പിന്നാലെ മത്സര രംഗത്ത് നിന്നും തത്ക്കാലം വിട്ടു നില്‍ക്കുന്നതായി യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരന്‍. സ്വരം നന്നാവുമ്പോള്‍ പാട്ടു നിര്‍ത്തണം. ഇനി ചെറുപ്പക്കാര്‍ വരട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സജീവ പൊതുപ്രവർത്തനത്തിൽ നിന്നും മത്സരരം​ഗത്ത് നിന്നും തത്ക്കാലം മാറി നിൽക്കാനാണ് തീരുമാനം. തനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്തു. സംഘടനാ സംവിധാനം സംസ്ഥാനത്ത് മൊത്തത്തിൽ പ്രയാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വടകരയില്‍ താന്‍ മാറി ഷാഫി എത്തിയപ്പോള്‍ ഭൂരിപക്ഷം ഉയര്‍ന്നതു പോലെ അടുത്ത തവണ തൃശൂരില്‍ മത്സരിക്കാന്‍ ചെറുപ്പക്കാര്‍ വരട്ടെ. നിയമസഭയിലേക്കും ചെറുപ്പക്കാര്‍ മത്സരിക്കണം. എന്നെക്കൊണ്ട് കഴിയാവുന്ന എല്ലാ കാര്യങ്ങളും ചെയ്തു. സംഘടനാ സംവിധാനം കേരളത്തില്‍ മൊത്തത്തില്‍ പ്രയാസത്തിലാണ്. അതു മാറ്റിയെടുക്കേണ്ടതുണ്ട്.

തൃശൂരില്‍ എല്‍ഡിഎഫ് ജയിച്ചിരുന്നെങ്കില്‍ തനിക്ക് ഇത്രയും ദുഖം ഉണ്ടാവില്ലായിരുന്നുവെന്നും വളരെ കഷ്ടപ്പെട്ടാണ് നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത്. ഇവിടെ താൻ വന്ന് മത്സരിച്ചിട്ടു പോലും അവര്‍ അക്കൗണ്ട് തുറന്നു എന്നത് വിഷമിപ്പിക്കുന്നതാണ്. സ്ഥാനാര്‍ഥി പോലും മദ്യതയ്ക്ക് പ്രവര്‍ത്തിക്കാതെ മണ്ഡലത്തിൽ ബിജെപിക്ക് ഇത്ര വോട്ട് കിട്ടണമെന്ന് ഉണ്ടെങ്കില്‍ നല്ല അടിയൊഴുക്ക് ഉണ്ടായിട്ടുണ്ടു എന്ന് ഉറപ്പാണ്.

പതിവിന് വിപരീതമായി രണ്ട് മുന്നണികൾക്കൊപ്പം ബിജെപി സാന്നിധ്യം ഉണ്ടായെന്നും ഇത് വളരെ ​ജാ​ഗ്രതയോടെ നോക്കികാണേണ്ടതാണെന്നും മുരളീധരൻ ഫലപ്രഖ്യാപന ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

ആറ്റിങ്ങലിൽ വലിയ വ്യത്യാസമില്ലാതെ ബിജെപി എൽഡിഎഫിന് അടുത്തെത്തി. ആലപ്പുഴയിൽ ശോഭാസുരേന്ദ്രന് കഴിഞ്ഞ തവണത്തേക്കാൾ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു. ഒ രാജ​ഗോപാലിന് ശേഷം രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് മികച്ച പ്രകടനം കാഴ്ചവച്ചതായും അദ്ദേഹം പറഞ്ഞു.