കലാഭവന്‍ ഹനീഫയുടെ മൃതദേഹം ഇന്ന് മറവുചെയ്യും; താരങ്ങള്‍ മട്ടാഞ്ചേരിയിലെ വീട്ടില്‍
|
കൊച്ചി: അന്തരിച്ച നടന്‍ കലാഭവന്‍ ഹനീഫയുടെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 11.30ന് കൊച്ചി മട്ടാഞ്ചേരിയിലെ ചെമ്പിട്ട പള്ളിയില്‍ മയ്യിത്ത് നിസ്‌കാരം നടക്കും. തുടര്‍ന്ന് പള്ളി ഖബര്‍സ്ഥാനില്‍ മൃതദേഹം മറവ്‌ചെയ്യും. രാവിലെ 9 ന് മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ശാദി മഹലില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമായിരിക്കും സംസ്‌കാരം.
കലാരംഗത്തെ നിരവധിയാളുകളാണ് ഹനീഫിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഹനീഫിനെ അവസാനനോക്ക് കാണാന്‍ നടന്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ എത്തി. നടന്‍ പിഷാരടിയും നിര്‍മാതാവ് ആന്റോ ജോസഫും ഒപ്പമുണ്ടായിരുന്നു. ഹനീഫിന്റെ മകനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച ശേഷമാണ് നടന്‍ മടങ്ങിയത്.
ദീര്‍ഘകാലമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന കലാഭവന്‍ ഹനീഫിന്റെ ആരോഗ്യനില ഇന്നലെ വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ബുധനാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മിമിക്രി വേദികളിലൂടെ അഭിനയ രംഗത്തേയ്ക്ക് വന്ന ഹനീഫ് 150ല്‍ അധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. സിനിമാ രംഗത്തെ നിരവധി പേര്‍ വീട്ടിലെത്തി അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു.
1990ല്‍ ‘ചെപ്പു കിലുക്കണ ചങ്ങാതി’യാണ് ആദ്യ സിനിമ. ‘ഈ പറക്കുംതളിക’, ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘തുറുപ്പു ഗുലാന്‍’, ‘പാണ്ടിപ്പട’, ‘ദൃശ്യം’ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. അറുപതോളം ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനില്‍ എത്തിച്ചത്. സ്റ്റേജ് ഷോകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു.
അറുപതോളം ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ‘കോമഡിയും മിമിക്‌സും പിന്നെ ഞാനും’ അടക്കം പല ടെലിവിഷന്‍ ഷോകളുടെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും വിദേശത്തുമായി നിരവധി മിമിക്രി ഷോകളില്‍ ഹനീഫ് പങ്കെടുത്തിട്ടുണ്ട്. ഭാര്യ: വാഹിദ. മക്കള്‍: ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





