
![]() |
|
കൊച്ചി:;അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. ആര്‍എല്‍വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമർശം. സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അധിക്ഷേപം.
സത്യഭാമയുടെ വാക്കുകൾ:
“മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്‍റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല”- എന്നായിരുന്നു വിവാദ പ്രസ്താവന.
പ്രസ്താവന വിവാദമായതോടെ ആരുടെയും പേര് പരാമർശിച്ചില്ല എന്നാണ് അവർ പറഞ്ഞത്.
അതേസമയം, ആര്‍എല്‍വി രാമകൃഷ്ണന്‍ വിഷയത്തില്‍ തന്റെ യോഗ്യതയടക്കമുള്ള വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ ഇവര്‍ക്ക് മറുപടി നല്‍കി. സത്യഭാമയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളില് വലിയ പ്രതിഷേധമാണുയരുന്നത്. രാമകൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ:
പ്രിയ കലാ സ്നേഹികളെ,
കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേർത്ത ഒരു കലാകാരി എന്നെ വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്.
ഞാൻ കാക്ക പോലെ കറുത്തവനാണെന്നും ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവൻ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും. എന്നെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്നും. സുന്ദരികളായ സ്ത്രീകൾ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും . എനിക്ക് വിദ്യാഭ്യാസ യോഗ്യതയില്ല എന്നൊക്കെയാണ് ഇവർ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.
ഞാൻ ഏതോ ഒരു സ്ഥാപനത്തിൽ എന്തോ ഒന്ന് പഠിച്ചു എന്നാണ് അവർ പുലമ്പുന്നത്. എന്നാൽ സത്യസന്ധതയോടെ പഠിച്ച് വിജയിച്ചിട്ടാണ് ഞാൻ ഈ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്. 1996 മുതൽ തൃപ്പൂണിത്തുറ RLV കോളേജിൽ മോഹിനിയാട്ട കളരിയിൽ നിന്ന് പഠിച്ചിറങ്ങിയ കലാകാരനാണ് ഞാൻ.
4 വർഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞതിനു ശേഷം എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് MA മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായിട്ടുണ്ട്.
ഇതുകൂടാതെ ഇവർ പറയുന്ന കേരള കലാമണ്ഡലത്തിൽ നിന്ന് പെർഫോമിങ്ങ് ആർട്സിൽ Mphil Top Scorer ആയി പാസാവുകയും ഇതേ സ്ഥാപനത്തിൽ തന്നെ മോഹിനിയാട്ടത്തിൽ Phd പൂർത്തിയാക്കുകയും ചെയ്തു.UgC യുടെ അസിസ്റ്റൻ്റ് പ്രൊഫ: ആകുന്നതിനുള്ള നെറ്റ് പരീക്ഷയും വിജയിച്ചിട്ടുണ്ട്. ഇതുകൂടാതെ ദൂരദർശൻ കേന്ദ്രം A graded ആർട്ടിസ്റ്റായി തിരഞ്ഞെടുക്കുകയും ചെയ്തു. 15 വർഷത്തിലധികമായി കാലടി സംസ്കൃത സർവ്വകലാശാലയിലും RLV കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം ചെയ്തിട്ടുണ്ട്.
കലാമണ്ഡലം പേരോടു ചേർത്ത ഈ അഭിവന്ദ്യ ഗുരു എന്നെ നേരത്തെയും കലാമണ്ഡലത്തിൽ വച്ച് ആക്ഷേപിച്ചിട്ടുണ്ട്. ഞാൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തിൽ Phd നേടുന്നതും ഇവർക്ക് ഒട്ടും താൽപര്യമില്ലായിരുന്നു.
ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്.ഇതുപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യും.
kalamandalam sathyabhama racial slur on rlv ramakrishnan