25
Nov 2024
Thu
25 Nov 2024 Thu
Kalpathi Rathotsavam

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്: പ്രശസ്തമായ കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറ്റം. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം, പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് 11നും 12നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ കൊടിയേറ്റം നടക്കുക. രാവിലെ ഏഴുമുതല്‍ വേദപാരായണം, വൈകീട്ട് യാഗശാലപൂജ, അഷ്ടബലി, ഗ്രാമപ്രദക്ഷിണം എന്നിവയും നടന്നു. രാവിലെ 10.30നും 11നുമിടയിലാണ് ധ്വജാരോഹണം നടക്കുന്നത്.

വൈകീട്ട് കാളിയമര്‍ദന അലങ്കാരത്തിലാണ് പെരുമാളെ എഴുന്നള്ളിക്കുക. ചാത്തപുരം പ്രസന്നമഹാഗണപതി ക്ഷേത്രത്തില്‍ രാവിലെ 10.30 നാണ് കൊടിയേറ്റം നടന്നത്. ഒന്നാം തേര് നാളായ 13 ന് രാവിലെ നടക്കുന്ന രഥാരോഹണത്തിന് ശേഷം വൈകീട്ട് രഥപ്രയാണം ആരംഭിക്കും. നവംബര്‍ 15 നാണ് ദേവാരാധ സംഗമം.

കല്‍പ്പാത്തി രഥോത്സവം സുഗമമായി നടത്തുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. രഥം സഞ്ചരിക്കുന്ന റോഡിന്റെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി നിര്‍വഹിക്കാന്‍ ജില്ല കലക്ടര്‍ മുന്‍സിപ്പാലിറ്റി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

രഥോത്സവം സമാധാനപരമായി നടത്തുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള മാതൃകപെരുമാറ്റചട്ട വേളയില്‍ നടക്കുന്ന രഥോത്സവം ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയും ക്ഷേത്രഭാരവാഹികളുടെ പിന്തുണയോടെയും സമാധാനപരമായി നടത്താനാണ് തീരുമാനം.

കൃത്യമായ സുരക്ഷാക്രമീകരണങ്ങളും ഗതാഗതനിയന്ത്രണവും പൊലീസ് ഉറപ്പാക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. ഗതാഗത നിയന്ത്രണത്തില്‍ കൃത്യമായ ആക്ഷന്‍ പ്ലാനുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍. ആനന്ദ് അറിയിച്ചു. ഇടുങ്ങിയ റോഡ് ആയതിനാല്‍ 20 ഇടങ്ങളില്‍ സിസിടിവി സ്ഥാപിച്ചതായി ജില്ലാ പൊലീസ് മേധാവി ഉന്നതലയോഗത്തില്‍ അറിയിച്ചു.

ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടാല്‍ ക്ഷേത്ര കമ്മിറ്റികള്‍ക്ക് കലക്ടറേയൊ എസ്.പിയെയോ നേരിട്ട് ബന്ധപ്പെടാമെന്ന് കലക്ടര്‍ അറിയിച്ചു.

ചടങ്ങിനോടനുബന്ധിച്ച് പാലക്കാട്ടെ സ്ഥാനാര്‍ത്ഥികളെല്ലാം ഇന്ന് ക്ഷേത്രത്തിലെത്തുന്നുണ്ട്.

Kalpathi Rathotsavam will be hoisted today