28
Mar 2024
Thu
28 Mar 2024 Thu
udf convener in bjp

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം വരെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായിരുന്നു കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു. മടിക്കൈ പഞ്ചായത്ത് യുഡിഎഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറും യകോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റുമായിരുന്ന എ.മൊയ്തീന്‍കുഞ്ഞിയാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. ( Kanjangad UDF election committee convener in BJP )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച കാഞ്ഞങ്ങാട്ട് നടന്ന എന്‍ഡിഎ മണ്ഡലം കണ്‍വെന്‍ഷനില്‍ ബിജെപി ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍ ഇദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചു. തലേന്നുവരെ ഉണ്ണിത്താനുവേണ്ടി വോട്ടഭ്യര്‍ഥിച്ച് സജീവമായി രംഗത്തുണ്ടായിരുന്ന മൊയ്തീന്‍ കുഞ്ഞി കോണ്‍ഗ്രസ് മടിക്കൈ മണ്ഡലം പ്രസിഡന്റ് കൂടിയായിരുന്നു. കോണ്‍ഗ്രസിന്റെ സമരാഗ്‌നിയാത്രയ്ക്ക് ഫണ്ട് പിരിച്ചുനല്‍കിയില്ലെന്ന കാരണത്തില്‍ ഒരു മാസം മുമ്പാണ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്.

രണ്ടുദിവസം മുന്‍പ് ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.വി.സുരേഷ്, കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഉമേശന്‍ ബേളൂര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മടിക്കൈയില്‍ യു.ഡി.എഫിന്റെ പഞ്ചായത്തുതല തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവല്‍ക്കരിച്ചത്.

അതേ സമയം, വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടിയാണ് മൊയ്തീന്‍കുഞ്ഞി ബി.ജെ.പി.യിലേക്ക് പോയതെന്നു ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസല്‍ പ്രതികരിച്ചു.