|
കണ്ണൂർ സ്വദേശിയായ യുവാവ് ദുബായിൽ സ്വർണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിൽ. കണ്ണൂര്‍ സ്വദേശിയായ ജസീലാണ് കസ്റ്റഡിയിലുളളത്. പന്തിരിക്കരയിലെ ഇർഷാദിന്റെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഇടനിലക്കാരനാണ് ജസീൽ.
ഇയാളെ തടങ്കലിലാക്കിയത് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ 916 നാസറെന്ന സ്വാലിഹിന്‍റെ സംഘമാണെന്നാണ് സൂചന. ഈ സംഘം ഇര്‍ഷാദിന്‍റെ അനുജനേയും നേരത്തെ തട്ടിക്കൊണ്ടുപോയിരുന്നു.
കൊല്ലപ്പെട്ട ഇര്‍ഷാദിനെ സ്വര്‍ണക്കടത്തിന് വേണ്ടി സ്വാലിഹിന്റെ സംഘവുമായി ബന്ധപ്പെടുത്തിയത് ജസീലായിരുന്നു. എന്നാൽ നാട്ടിലെത്തിയ ശേഷം ഇര്‍ഷാദ് സ്വര്‍ണം മറ്റൊരു സംഘത്തിന് കൈമാറി. സ്വര്‍ണം നഷ്ടപ്പെട്ടെന്ന് മനസിലായതോടെയാണ് ഇത് കൊടുത്തുവിട്ട സ്വാലിഹിന്റെ സംഘം ഇഷാദിനെ പരിചയപ്പെടുത്തിയ ജസീലിനെ തടങ്കലിലാക്കി.
ഇതിന് ശേഷമാണ് സ്വാലിഹ് നാട്ടിലേക്ക് വന്നതും ഇർഷാദിനെ തട്ടിക്കൊണ്ടുപോയതുമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. 60 ലക്ഷം വില വരുന്ന സ്വര്‍ണമാണ് ഇര്‍ഷാദ് നാട്ടിലെത്തിച്ച ശേഷം മറ്റൊരു സംഘത്തിന് കൈമാറിയതെന്നാണ് സൂചന.



