കായംകുളത്ത് വ്യാപാരി വ്യവസായി സമിതി സഹകരണ ബാങ്ക് സെക്രട്ടറി പാമ്പു കടിയേറ്റ് മരിച്ചു. ചേരാവള്ളി വടക്കേ തോപ്പില്‍ സെലീന (42) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ കായംകുളം കൊറ്റുകുളങ്ങര പാഞ്ചേരിയില്‍ പുരയിടത്തിലാണു സംഭവം. കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞിട്ടില്ല.
|
ബന്ധുവിന്റെ വിവാഹ സത്കാരത്തില്‍ പങ്കെടുത്തശേഷം ആളൊഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറാനൊരുങ്ങവേയാണ് കടിയേറ്റത്. ഉടനേ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. രക്തപരിശോധനയില്‍ വിഷാംശം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നിരീക്ഷണത്തിലിരിക്കേ, ശൗചാലയത്തിലേക്കു പോയ സെലീന കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറായപ്പോഴായിരുന്നു മരണം.
ALSO READ: ഉറങ്ങുമ്പോള്‍ പാമ്പ് കടിച്ചു; തിരുവനന്തപുരത്ത് എട്ട് വയസ്സുകാരന് ദാരുണാന്ത്യം
ആശുപത്രിയില്‍ പ്രതിവിഷം ലഭ്യമായിരുന്നില്ലെന്ന് ആരോപണമുയര്‍ന്നു. എന്നാല്‍, കടിച്ചതു പാമ്പാണോയെന്ന് ആശുപത്രിയിലെത്തിച്ചവര്‍ക്ക് ഉറപ്പില്ലായിരുന്നുവെന്നും രക്തപരിശോധനയിലും അതു കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സമയത്ത് ആന്റിവെനം നല്‍കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാന്‍ തീരുമാനിച്ചെങ്കിലും പരിശോധനാഫലം മുഴുവന്‍ ലഭിച്ചിട്ടു മതിയെന്ന് കൂടെയെത്തിയവര്‍ പറഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ. ആറാട്ടുപുഴ കാപ്പൂരിക്കാട്ടില്‍ നാജിമാണ് ഭര്‍ത്താവ്. മകള്‍: നാസിയ.



