തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ടുഡേയ്‌സ് ചാണക്യയുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍. യുഡിഎഫിന് 60 മുതല്‍ 78 സീറ്റുകള്‍ വരെയാണ് ചാണക്യ എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 55 മുതല്‍ 73 വരെ സീറ്റും എന്‍ഡിഎയ്ക്ക് 3 മുതല്‍ 11 വരെ സീറ്റുകളും ലഭിച്ചേക്കാം എന്നും എക്സിറ്റ് പോള്‍ പ്രവചനം. യുഡിഎഫിനും എല്‍ഡിഎഫിനും ഒന്‍പത് സീറ്റ് കൂടുകയോ കുറയുകയോ ചെയ്യാമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.
|
യുഡിഎഫിന് നേരിയ മുന്‍തൂക്കം ഉണ്ടെങ്കിലും ഇടതുക്യാമ്പുകള്‍ക്ക് ആശ്വാസം നല്‍കുന്ന എക്സിറ്റ് പോളാണ് ടുഡേയ്സ് ചാണക്യയുടേത്. 69 സീറ്റില്‍ 9 സീറ്റ് യുഡിഎഫിന് കിട്ടുകയോ കുറയുകയോ ചെയ്യാമെന്നാണ് ടുഡേയ്സ് ചാണക്യ പറയുന്നത്. എല്‍ഡിഎഫിന് 64 സീറ്റില്‍ 9 സീറ്റ് കൂടുകയോ കുറയുകയോ ചെയ്യാം. കേവല ഭൂരിപക്ഷത്തിന് മുകളിലേക്ക് എല്‍ഡിഎഫിന്റെ സീറ്റുകള്‍ ഉയരും എന്ന് സൂചന നല്‍കുന്ന ഏക സര്‍വേയാണ് ടുഡേയ്സ് ചാണക്യ എക്സിറ്റ് പോള്‍.
യുഡിഎഫ് 40 ശതമാനം വോട്ട് നേടുമ്പോള്‍ എല്‍ഡിഎഫ് 38 ശതമാനം വോട്ട് നേടുമെന്നും ചാണക്യ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. രണ്ടു ശതമാനം മാത്രമാണ് വോട്ട് വ്യത്യാസം. എന്‍ഡിഎയ്ക്ക് 20 ശതമാനം വോട്ടുകളും 11 വരെ സീറ്റുകള്‍ വരെയും ലഭിക്കാമെന്നും ടുഡേയ്സ് ചാണക്യ പ്രവചിക്കുന്നു.

2021-ലെ തെരഞ്ഞെടുപ്പില്‍ അന്തിമ ഫലത്തോട് ഏറ്റവും അടുത്ത് നിന്നത് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോളായിരുന്നു. എല്‍ഡിഎഫിന് 93 മുതല്‍ 111 സീറ്റുകളാണ് ടുഡേയ്സ് ചാണക്യ പ്രവചിച്ചത്. കോണ്‍ഗ്രസിന് 36 മുതല്‍ 44 സീറ്റ് വരെയും എന്‍ഡിഎയ്ക്ക് പൂജ്യം മുതല്‍ 6 സീറ്റ് വരെ ലഭിക്കും എന്നുമായിരുന്നു ടുഡേയ്സ് ചാണക്യയുടെ പ്രവചനം.
തമിഴ്‌നാട്ടില്‍ ഡിഎംകെ തന്നെ
തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം അധികാരം നിലനിര്‍ത്തുമെന്നും എന്നാല്‍ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം കന്നി പോരാട്ടത്തില്‍ നിര്‍ണായക ശക്തിയായി മാറുമെന്നും പോസ്റ്റ് പോള്‍ സര്‍വേഫലത്തില്‍ സൂചിപ്പിക്കുന്നു. ഡിഎംകെ സഖ്യം 39 ശതമാനം വോട്ട് വിഹിതത്തോടെ 125 മുതല്‍ 136 വരെ സീറ്റുകള്‍ നേടി മുന്നിലെത്തുമെന്നാണ് പ്രവചനം.
ടിവികെ ആദ്യ തിരഞ്ഞെടുപ്പില്‍ 30 ശതമാനം വോട്ട് വിഹിതം നേടും. 63 മുതല്‍ 74 സീറ്റ് വരെ നേടുമെന്നും പോസ്റ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നു. എഐഎഡിഎംകെ സഖ്യം 27 ശതമാനം വോട്ട് വിഹിതത്തോടെ 45 മുതല്‍ 56 വരെ സീറ്റുകളിലേക്ക് ജയം ചുരുങ്ങും. മറ്റുള്ളവര്‍ 4 ശതമാനം വോട്ട് വിഹിതം നേടുമെങ്കിലും ഒരു സീറ്റ് മാത്രമാണ് പ്രവചിക്കുന്നത്. ഭരണകക്ഷിയായ ഡിഎംകെയ്ക്ക് വെല്ലുവിളിയുയര്‍ത്തി വിജയ് തമിഴ് രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമാകുമെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അസമില്‍ ബിജെപിക്ക് മേല്‍ക്കൈ
അസമില്‍ ബിജെപിയ്ക്ക് മുന്‍കൈ ലഭിക്കുമെന്നാണ് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍. ബിജെപിയ്ക്ക് 93 മുതല്‍ 111 വരെ സീറ്റ് ലഭിക്കും. കോണ്‍ഗ്രസിന് 14 മുതല്‍ 34 വരെ സീറ്റും മറ്റുളളവയ്ക്ക് ഒരു സീറ്റും ലഭിക്കുമെന്നാണ് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍ പ്രവചനം.
പശ്ചിമ ബംഗാളില്‍ മമത വീഴും
പശ്ചിമ ബംഗാളില്‍ ബിജെപി തൂത്തുവാരുമെന്നാണ് ടുഡേയ്സ് ചാണക്യ പറയുന്നത്. ബംഗാളില്‍ ആകെയുള്ള 294 സീറ്റുകളില്‍ ബിജെപി 181 മുതല്‍ 203 സീറ്റുകള്‍ വരെ നേടുമെന്ന് ടുഡേയ്സ് ചാണക്യ പ്രവചിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് 89 മുതല്‍ 111 വരെ സീറ്റ് നേടുമെന്നും മറ്റുള്ളവര്‍ പൂജ്യം മുതല്‍ നാല് സീറ്റുകള്‍ വരെ നേടുമെന്നുമാണ് പ്രവചനം.


