16
May 2026
Sat
16 May 2026 Sat
kc venugopal with supporters

Kerala Government Formation മന്ത്രിമാരെയും വകുപ്പുകളും തീരുമാനിക്കാന്‍ നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും ഇന്ന് ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തും. രാവിലെ 10 മണിക്കാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച 21 അംഗ പൂര്‍ണ മന്ത്രിസഭ തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തില്‍ തീരുമാനമായിരുന്നു. നാളെ ഉച്ചയോടെ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറാനും ധാരണയായി. എന്നാല്‍, വലിയ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് എത്രത്തോളം സാധ്യമാവുമെന്ന് വ്യക്തമല്ല. ഇന്നലെ രാത്രി കൊച്ചിയിലേക്കു പോയ വി.ഡി.സതീശന്‍ ഇന്ന് രാവിലെ തിരുവനന്തപുരത്ത് മടങ്ങിയെത്തും.

ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ കെസി

കെസി വേണുഗോപാല്‍ ഇന്ന് രാവിലെ ഉടക്കി നില്‍ക്കുന്ന രമേശ് ചെന്നിത്തലയമായി ചര്‍ച്ച നടത്തും. ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് തന്നെ കൊടുത്ത് അനുനയിപ്പിക്കാനാണ് നീക്കം. കെസി പക്ഷത്തുള്ള പ്രമുഖര്‍ മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. രാവിലെ തന്നെ നേതാക്കള്‍ കെസിയുടെ വീട്ടിലെത്തിയിട്ടുണ്ട്. കെസി വേണുഗോപാലിന്റെ പക്ഷത്തുള്ള ഏഴ് പേര്‍ക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടി സിദ്ദീഖ്, സണ്ണി ജോസഫ്, മാത്യു കുഴല്‍നാടന്‍, പി സി വിഷ്‌നാഥ് ഉള്‍പ്പെടെയുള്ളവരാണ് കെസി പക്ഷത്തു നിന്ന് മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നവരില്‍ പ്രമുഖര്‍.

ലീഗിനെ നാല് മന്ത്രിസ്ഥാനം നല്‍കി ഒതുക്കാനും നീക്കമുണ്ട്. മുസ്ലിം ലീഗിന് നാല് മന്ത്രിസ്ഥാനവും ഭരണ പരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷ സ്ഥാനവും നല്‍കാമെന്നാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരിക്കുന്ന ഫോര്‍മുല. ഇക്കാര്യം ലീഗ് അംഗീകരിക്കുമോ എന്ന് വ്യക്തമല്ല.

മുഖ്യമന്ത്രി ഉൾപ്പടെ 11 മന്ത്രിമാരും, സ്പീക്കറും, ഡെപ്പൂട്ടി സ്പീക്കറും ആകും കോൺഗ്രസിന് ലഭിക്കാൻ സാധ്യതയുള്ള സ്ഥാനങ്ങൾ.

ആഭ്യന്തരം, വിജിലൻസ്, വൈദ്യുതി, ഗതാഗതം, റവന്യൂ, ആരോഗ്യം, ടൂറിസം, ഗ്രാമവികസനം, സഹകരണം, എക്സൈസ്, വനം പരിസ്ഥിതി വകുപ്പുകൾ ഉമ്മൻ‌ചാണ്ടി മന്ത്രിസഭയിൽ കോൺഗ്രസ് കൈകാര്യം ചെയ്തിരുന്നു. എന്നാൽ ഇത്തവണ ഇതിൽ ചിലത് ഇത്തവണ ഘടക കക്ഷികൾക്ക് കൈമാറിയേക്കും. അതേസമയം കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് നൽകിയിരുന്ന ധനവകുപ്പ് ഇത്തവണ കോൺഗ്രസ് ഏറ്റെടുത്തേക്കും. ഉടക്കി നിൽക്കുന്ന രമേശ് ചെന്നിത്തല അയഞ്ഞാൽ സുപ്രധാന വകുപ്പുതന്നെ നൽകേണ്ടി വരും. രമേശിന് പുറമേ മുതിർന്ന നേതാക്കളായ സണ്ണി ജോസഫ്, കെ മുരളീധരൻ എന്നിവരും മന്ത്രിസഭയിൽ ഉണ്ടാകും.

മന്ത്രിസഭയിൽ ഉറപ്പുള്ള മറ്റൊരാൾ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ആണ്. തിരുവഞ്ചൂരിനെ സ്പീക്കർ സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്. വനിതകളില്‍ ബിന്ദുകൃഷ്ണയും ഷാനിമോള്‍ ഉസ്മാനും പരിഗണനയിലുണ്ട്. പി.സി വിഷ്ണുനാഥ്, എം.വിൻസന്‍റ് അല്ലെങ്കില്‍ ടി.ജെ വിനോദ്, എം.ലിജു അല്ലെങ്കില്‍ കെ. ജയന്ത്, മാത്യു കുഴല്‍നാടൻ അല്ലെങ്കില്‍ റോജി. എം ജോണ്‍ എന്നീ പേരുകൾ ചർച്ചയിലുണ്ട്. എ.പി അനില്‍കുമാറോ വി.പി സജീന്ദ്രനോ മന്ത്രി പദവി ലഭിക്കാനും സാധ്യതയുണ്ട്. അൻവര്‍ സാദത്തിനും സാധ്യത ഉണ്ട്. ടി. സിദ്ധിഖ്, ചാണ്ടി ഉമ്മൻ, വിടി ബൽറാം, ഐസി ബാലകൃഷ്ണൻ എന്നീ പേരുകളും സജീവ ചർച്ചയിൽ ആണ്.

അതേസമയം ലീഗിന് അഞ്ചു മന്ത്രി സ്ഥാനം തന്നെ നൽകാൻ തീരുമാനം വന്നേക്കും. ഉമ്മൻ‌ചാണ്ടി സർക്കാരിൽ കിട്ടിയ അതെ വകുപ്പുകൾ, വിദ്യാഭ്യാസം, വ്യവസായം, ഐടി, നഗരവികസനം, പൊതുമരാമത്ത്, ന്യൂനപക്ഷ ക്ഷേമം, സാമൂഹിക ക്ഷേമം എന്നിവയാണ് ലീഗ് ആവശ്യപ്പെടുന്നത്. പിഎം ശ്രീ കുരുക്കുള്ള വിദ്യാഭ്യാസം വേണ്ടെന്ന് ഇടയ്ക്ക് ലീഗിൽ ചർച്ച ഉയർന്നെങ്കിലും ഇപ്പോൾ ആ അഭിപ്രയം ഇല്ല. പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ ബഷീർ, എൻ.ഷംസുദ്ദീൻ മന്ത്രിസഭയിൽ ഉണ്ടാകും. ബാക്കി രണ്ടു മന്ത്രി സ്ഥാനങ്ങളിലേക്ക് കെ.എം ഷാജി , എകെഎം അഷ്റഫ് , പാറയ്ക്കൽ അബ്ദുല്ല എന്നീ പേരുകളാണ് പരിഗണനയിലുള്ളത്.

‘ഒരുപാട് പിച്ചി ചീന്തിയില്ലേ..ഇി നിര്‍ത്തിക്കൂടേ..’

ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്ന നേതാക്കളാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളതെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാത്തതു സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘പാര്‍ട്ടി അന്തിമ തീരുമാനമെടുത്താല്‍ അത് അംഗീകരിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകന്‍ ചെയ്യേണ്ടത്. ഒരുപാട് പിച്ചി ചീന്തിയില്ലേ, ഇനി ഒന്നുമില്ലല്ലോ, ഇനി ബാക്കിയൊന്നുമില്ലല്ലോ… ഇവിടെ സര്‍ക്കാര്‍ വന്നു കഴിഞ്ഞു. ആ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. മറ്റ് വിവാദങ്ങളിലേക്ക് പോകേണ്ട’കെ.സി.വേണുഗോപാല്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മാത്യു കുഴല്‍നാടന്‍, പി.സി.വിഷ്ണുനാഥ്, ടി. സിദ്ദിഖ്, പഴകുളം മധു, വി.എസ് ശിവകുമാര്‍ അടക്കമുള്ളവര്‍ വിമാനത്താവളത്തില്‍ കെ.സി.വേണുഗോപാലിനെ സ്വീകരിക്കാനെത്തിയിരുന്നു. തന്നെ സ്വീകരിക്കാനെത്തിയവര്‍ കെ.സി പക്ഷമാണെന്ന വാദത്തെ അദ്ദേഹം തള്ളി. കെ.സി പക്ഷമെന്ന പക്ഷമില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിവുള്ള എംഎല്‍എമാരാണ് ജയിച്ചു വന്നത്. അര്‍ഹത നോക്കി, മാനദണ്ഡങ്ങള്‍ നോക്കി നല്ല മന്ത്രിമാരുണ്ടാകും. അവര്‍ ജനങ്ങളുടെ പ്രതീക്ഷ അനുസരിച്ച് മുന്നോട്ടുപോകും. അതിന് എല്ലാവരും പ്രതിജ്ഞാബദ്ധമാണ്. ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. അതനുസരിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോകട്ടെയെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.