തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപന തീയതി മാറ്റി. ഫലപ്രഖ്യാപനം മെയ് 26ന് ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മെയ് 22ന് പ്രഖ്യാപിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്.
|
മാര്‍ക്ക് എന്‍ട്രി ചെയ്യുന്ന സോഫ്റ്റ്വെയറിന്റെ കാലപഴക്കം കാരണം ഡാറ്റ കയറ്റുന്നതില്‍ കാലതാമസം ഉണ്ടാകുന്നുവെന്നും അതിനാല്‍ ആണ് ഫലപ്രഖ്യാപന തീയതി മാറ്റിയതെന്നും അധികൃതര്‍ പറഞ്ഞു. ഗള്‍ഫ് യുദ്ധവുമായി ബന്ധപ്പെട്ട് പ്രവാസി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിലുണ്ടായ തടസ്സവും വൈകലിന് കാരണമാണ്.
അതേസമയം സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് പ്രഖ്യാപനം നടത്തുക. പുതിയ മന്ത്രിസഭ അധികാമേല്‍ക്കാത്തതിനാലാണ് മന്ത്രിക്ക് പകരം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫലം പ്രഖ്യാപിക്കുന്നത്.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 85.20 ശതമാനം പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത് (95.62%). ചെന്നൈയില്‍ 93.84% പേരും ബെംഗളൂരുവില്‍ 93.19% പേരും വിജയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കുറവാണ്. കഴിഞ്ഞ തവണ 87.98 ശതമാനം പേര്‍ വിജയിച്ചിരുന്നു.


