തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസവും മഴ ലഭിയ്ക്കുമെന്നാണ് പ്രവചനം. ഇതുപ്രകാരം വിവിധയിടങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ- വടക്കൻ ജില്ലകളിലാണ് ശക്തമായ മഴ ലഭിയ്ക്കുക എന്നാണ് മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
|
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം ഇങ്ങനെ:
05/04/2025: ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്
06/04/2025: മലപ്പുറം, വയനാട്
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ (കാപ്പിൽ മുതൽ പൂവാർ വരെ) ഇന്ന് (05/04/2025) രാവിലെ 11.30 മുതൽ നാളെ 06/04/2025 രാവിലെ 11.30 വരെ 0.9 മുതൽ 1.1 മീറ്റർ വരെയും, കൊല്ലം ജില്ലയിൽ (ആലപ്പാട്ട് മുതൽ ഇടവ വരെ) നാളെ (05/04/2025) ഉച്ചയ്‌ക്ക് 02.30 മുതൽ 06/04/2025 രാവിലെ 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെയും കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കന്യാകുമാരി തീരത്ത് നാളെ (05/04/2025) രാവിലെ 11.30 മുതൽ 06/04/2025 രാവിലെ 11. 30 വരെ 1.1 മുതൽ 1.2 മീറ്റർ വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.


