Kerala Rain Alert: സംസ്ഥാനത്ത് ഇന്നും മഴ തന്നെ, 5 ദിവസം കൂടി തുടരും; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
|
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. ഛത്തീസ്ഗഡിനു മുകളില്‍ ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി നേരിയ മഴസാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
യെല്ലോ അലര്‍ട്ട്: ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ. ഈ ജില്ലകളില്‍ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാല സാധ്യത കണക്കിലെടുത്ത് ഇന്നും കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരും.
ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം അടുത്ത മൂന്ന് മണിക്കൂറില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനുമുള്ള സാധ്യതയാണ് ഇവിടെയുള്ളത്.
അതേസമയം അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 9 ഡാമുകളില്‍ റെഡ് അലര്‍ട്ട് നല്‍കി. ഡാമുകള്‍ക്ക് അരികില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
കേരളത്തിനൊപ്പം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മഴ തിമിര്‍ത്ത് പെയ്യുകയാണ്. മഴക്കെടുതിയും രൂക്ഷമായി തുടരുകയാണ്. ചത്തീസ്ഗഡിലെ ബസ്തറിലെ പ്രളയത്തില്‍ എട്ടു പേര്‍ മരിച്ചു. നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. ജമ്മു കശ്മീരില്‍ മരണം 40 ന് മുകളിലായി. വൈഷ്‌ണോ ദേവി തീര്‍ത്ഥാടന യാത്രയ്ക്കിടെയുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഉത്തരാഖണ്ഡിലും ശക്തമായ മഴ തുടരുകയാണ്. പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലും പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Kerala Rain Alert: Rain continue for 5 more days as Yellow alert in 9 districts today


