വരാനിരിക്കുന്നത് ശക്തമായ മഴദിനങ്ങള്‍; ഇന്ന് 12 ജില്ലകളില്‍ മുന്നറിയിപ്പ് (Kerala Rain Alert)
|
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി വരാനിരിക്കുന്നത് ശക്തമായ മഴദിനങ്ങള്‍. മഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടത്. കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. നാളെ തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മഴയോടൊപ്പം ലഭിക്കുന്ന ഇടിമിന്നലുകള്‍ അപകടകാരികളാണെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
വിവിധ ഇടങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണമെന്നും നിര്‍ദശങ്ങളിലുണ്ട്.
വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://cutt.ly/Ew5aGJxO
ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





