04
Aug 2026
Tue
04 Aug 2026 Tue
flood in punur

ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മൂലം 3 ദിവസംകൊണ്ട് സംസ്ഥാനത്തു മരിച്ചവരുടെ എണ്ണം 20 ആയി. കാണാതായ 7 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. 17 പേര്‍ മരിച്ചെന്നും 5 പേരെ കാണാതായെന്നുമാണ് ഔദ്യോഗിക കണക്ക്. കോട്ടയത്തും മലപ്പുറത്തുമാണു മരണം കൂടുതല്‍ 4 വീതം. രണ്ടിടത്തും ഓരോരുത്തരെ കാണാതായിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച ഓരോരുത്തര്‍കൂടി മരിച്ചതോടെ തിരുവനന്തപുരത്തും കൊല്ലത്തും മരണം 3 വീതമായി. തിരുവനന്തപുരത്ത് 2 പേരെയാണു കാണാതായത്. കൊല്ലത്ത് ഒരാളെയാണു കണ്ടെത്താനുള്ളത്. ഇടുക്കിയില്‍ 2 പേരാണു മരിച്ചത്. കണ്ണൂരില്‍ ഒരു മരണം, 2 പേരെ കാണാതായി. പത്തനംതിട്ടയിലും കോഴിക്കോട്ടും എറണാകുളത്തും ഓരോ മരണം. 353 ദുരിതാശ്വാസ ക്യാംപുകളിലായി 13,496 പേരുണ്ട്. പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞദിവസം വെള്ളമിറങ്ങിയ റാന്നിയില്‍ വീണ്ടും വെള്ളം കയറിത്തുടങ്ങിയത് ആശങ്കയായി. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു. പലയിടത്തും മണ്ണിടിച്ചില്‍ തുടരുന്നു.

വലിയ ദുരിതം വിതച്ച റാന്നിയില്‍ വെള്ളമിറങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇന്ന് മഴ കുറവാണ്.

പത്തനംതിട്ട, കോട്ടയം ജില്ലകളിലാണു രൂക്ഷമായ മഴക്കെടുതികള്‍. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തിയതോടെ പടിഞ്ഞാറന്‍ മേഖല വെള്ളക്കെട്ടിലായി. തൃശൂരില്‍ അണ്ടത്തോട് പെരിയമ്പലം ലിങ്ക് റോഡ് കടലെടുത്തു. പാലക്കാട് ജില്ലയില്‍ ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. മലപ്പുറം ജില്ലയില്‍ ഇന്നലെ ഒരിടത്തു മണ്ണിടിച്ചിലും മറ്റൊരിടത്ത് ഉരുള്‍പൊട്ടലുമുണ്ടായി. കാസര്‍കോട് ജില്ലയിലെ തയ്യേനിയില്‍ ഉരുള്‍പൊട്ടിയ ഭാഗത്ത് മലവെള്ളപ്പാച്ചില്‍ തുടരുകയാണ്. നീലേശ്വരം ഭാഗത്തു വെള്ളമിറങ്ങിത്തുടങ്ങി.

12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചത്. കാസര്‍കോട് മുതല്‍ പത്തനംതിട്ട വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കണ്ണൂരിലും വയനാട്ടിലും നിയന്ത്രിത അവധിയുമുണ്ട്. കണ്ണൂരില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലാണ് അവധി. എന്നാല്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്.

കാസര്‍കോട് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം അല്ലെങ്കില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഇവിടെ പ്രതീക്ഷിക്കാവുന്ന ആഘാതങ്ങളെ കുറിച്ചും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തെക്കന്‍ തമിഴ്നാടിന് മുകളിലെ ചക്രവാതച്ചുഴിയും ഗുജറാത്ത്-കേരള തീരത്തെ ന്യൂനമര്‍ദ്ദ പാത്തിയുമാണ് മഴ ശക്തമാകാന്‍ പ്രധാന കാരണം. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

പ്രതീക്ഷിക്കാവുന്ന ആഘാതങ്ങള്‍

പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത.
ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്ക് നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിര്‍ദേശങ്ങള്‍
ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.

Tags:
Kerala Rain, Kerala Flood, Kerala Landslide, Kerala Weather, Orange Alert, IMD, Heavy Rain, Monsoon, Pathanamthitta, Kottayam, Kasaragod, Malappuram, Kozhikode, Kannur, Idukki, Alappuzha, Ernakulam, Thrissur, Palakkad, Wayanad, Thiruvananthapuram, Kollam, Pamba River, Flood Alert, Rain Alert, Disaster Management, Kerala News, Breaking News, School Holiday, Weather Update

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക