ഇനി ചില്ലറയുടെ പേരില്‍ തര്‍ക്കം വേണ്ട: ജനുവരി മുതല്‍ KSRTC ഡിജിറ്റല്‍ ഇടപാട് തുടങ്ങും; ട്രാക്ക് ചെയ്യാനും സംവിധാനം
|
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ ഡിജിറ്റല്‍ പണമിടപാടിനു ജനുവരിയില്‍ തുടക്കമാകും. മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളിലും ഇത് നടപ്പാക്കാനാണ് പദ്ധതി. ട്രാവല്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയും ഗൂഗിള്‍പേ, ക്യൂ ആര്‍ കോഡ് എന്നീ മാര്‍ഗങ്ങളില്‍ കൂടിയും ടിക്കറ്റ് ചാര്‍ജ് ബസില്‍ തന്നെ നല്‍കാനാകും. ഇതോടെ ബാക്കി നല്‍കല്‍, ചില്ലറ സൂക്ഷിക്കല്‍ തുടങ്ങിയ സ്ഥിരം പ്രശ്‌നങ്ങളൊക്കെ ഒരുപരിധിവരെ ഒഴിവാകും. ടിക്കറ്റും ഡിജിറ്റലായി ഫോണില്‍ ലഭിക്കും.
ഇതിനെല്ലാം സംവിധാനമുള്ള ആന്‍ഡ്രോയ്ഡ് ടിക്കറ്റ് മെഷീനും ആപ്പുമുണ്ടാകും. പദ്ധതിക്ക് ‘ചലോ ആപ്’ എന്ന സ്വകാര്യ കമ്പനിയുമായാണ് കരാര്‍. ആപ്പിലൂടെ ബസ് ട്രാക്ക് ചെയ്യാനും സംവിധാനമുണ്ടാകും.
ആപ്പ് വരുന്നതോടെ യാത്രക്കാരുടെ സമീപമുള്ള ബസും വാഹനത്തിലെ തിരക്കും മറ്റും യാത്രക്കാര്‍ക്ക് മുന്‍കൂട്ടി അറിയാന്‍ സൗകര്യമുണ്ടാകും. സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഒരോ കേന്ദ്രത്തിലും ബസുകള്‍ എത്തുന്ന സമയവുമെല്ലാം ആപ്പിലൂടെ മനസ്സിലാക്കാം. ഡിസംബര്‍ അവസാനത്തോടെ ട്രയല്‍ ആരംഭിക്കും.
ഒരു ടിക്കറ്റിന് 13 പൈസയാണ് ചലോ ആപ്പിന് കെഎസ്ആര്‍ടിസി നല്‍കേണ്ടി വരിക. ഏത് ബസിലാണു തിരക്ക് കൂടുതലെന്നു മനസ്സിലാക്കാന്‍ ഡേറ്റാ അനാലിസിസ് സൗകര്യവും ആപ്പിലുണ്ട്.


