06
Apr 2024
Tue
06 Apr 2024 Tue

SSLC ഫലം മെയ് 8ന്, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലങ്ങള്‍ മെയ് 9നും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 ദിവസം മുന്‍പാണ് ഇത്തവണ ഫല പ്രഖ്യാപനം. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലങ്ങള്‍ മെയ് 9ന് പ്രഖ്യാപിക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. കഴിഞ്ഞ വര്‍ഷം മെയ് 25 നായിരുന്നു ഹയര്‍സെക്കന്‍ഡറി ഫലപ്രഖ്യാപനം.

ഇക്കൊല്ലം എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയത് ആകെ 4,27,105 വിദ്യാര്‍ത്ഥികളാണ്. ഇതില്‍ 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. സംസ്ഥാനത്തൊട്ടാകെ 70 ക്യാമ്പുകളിലായി 10,863 അധ്യാപകര്‍ മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ പങ്കെടുത്തു. ഏപ്രില്‍ 3 മുതല്‍ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കി.

ഈ വര്‍ഷം നേരത്തെ തന്നെ ഫലപ്രഖ്യാപനം നടത്താനായത് കൃത്യമായ ആസൂത്രണത്തിന്റെയും നിര്‍വഹണത്തിന്റെയും ഫലമായാണെന്നും മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. ആകെ 4,41,120 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 2,23,736 ആണ്‍കുട്ടികളും 2,17,384 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ഏപ്രില്‍ 3 മുതല്‍ 24ാം തീയതി വരെയാണ് മൂല്യനിര്‍ണ്ണയം നടന്നത്. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷാ മൂല്യനിര്‍ണ്ണയത്തില്‍ മൊത്തം 77 ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകര്‍ പങ്കെടുത്തു.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ റഗുലര്‍ വിഭാഗത്തില്‍ 27,798 ഉം പ്രൈവറ്റ് വിഭാഗത്തില്‍ 1,502 ഉം ഉള്‍പ്പെടെ ആകെ 29,300 പേരാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 18,297 ആണ്‍കുട്ടികളും 11,003 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. എട്ട് ക്യാമ്പുകളിലായി രണ്ടായിരത്തി ഇരുന്നൂറോളം അധ്യാപകരാണ് മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ പങ്കെടുത്തതെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക