|
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. 419,554 വിദ്യാർത്ഥികളാണ് ആകെ പരീക്ഷയ്ക്കായി എത്തുക. അതിൽ 4,19,362 പേർ റഗുലർ വിദ്യാർഥികളും 192 പേർ പ്രൈവറ്റ് വിദ്യാർഥികളും ആണ്. ഇതിൽ തന്നെ 2,13,801 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ പൂർണ്ണമായ പാഠഭാഗങ്ങളിൽ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടാകും. രാവിലെ 9.30നാണ് എസ്എസ്എൽസി പരീക്ഷ ആരംഭിക്കുക.
ഗൾഫ് മേഖലയിൽ 518 വിദ്യാർഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്. 29 നാണ് പരീക്ഷ അവസാനിക്കുന്നത്.
പരീക്ഷയ്ക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ചൂട് കൂടുന്നത് കണക്കിലെടുത്ത് വിദ്യാർഥികൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി 2023 ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായി പൂർത്തീകരിയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ആകെ പതിനെട്ടായിരത്തിൽ അധികം അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും.
മൂല്യനിർണ്ണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ 2023 ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിയ്ക്കും. ടാബുലേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം മെയ് രണ്ടാം വാരത്തിൽ റിസൾട്ട് പ്രസിദ്ധീകരിയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിയ്ക്കുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.


