കൊച്ചി: വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും തങ്ങളുടെ ടീം അംഗങ്ങള്‍ക്ക് ഓണസമ്മാനമായി നല്‍കാന്‍ സപ്ലൈകോ ഇത്തവണ ഗിഫ്റ്റ് കാര്‍ഡുകളും കിറ്റുകളും പുറത്തിറക്കി. 18 ഇനങ്ങള്‍ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങള്‍ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, 9 ശബരി ഉത്പന്നങ്ങള്‍ അടങ്ങിയ ശബരി സിഗ്‌നേച്ചര്‍ കിറ്റ് എന്നിവയാണ് സപ്ലൈകോ നല്‍കുന്ന കിറ്റുകള്‍. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാര്‍ഡുകളും വിതരണത്തിനു തയാറാണ്.
|
500 രൂപയുടെയോ ആയിരം രൂപയുടെയോ ഗിഫ്റ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സപ്ലൈകോയുടെ വില്‍പനശാലകളില്‍ നിന്ന് ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങള്‍ ഒക്ടോബര്‍ 31വരെ വാങ്ങാം. ഓണത്തോടനുബന്ധിച്ച് 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് 1000 രൂപയ്ക്കും 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും 305 രൂപ വിലയുള്ള ശബരി സിഗ്‌നേച്ചര്‍ കിറ്റ് 229 രൂപയ്ക്കും ആണ് സപ്ലൈകോ നല്‍കുന്നത്.
ഓണക്കാലത്ത് ജീവനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കും റസിഡന്‍സ് അസോസിയേഷനുകള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യുന്ന വെല്‍ഫെയര്‍ സ്ഥാപനങ്ങള്‍ക്കും ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. വിവിധ സ്ഥാപനങ്ങളും റെസിഡന്റ്‌സ് അസോസിയേഷനുകളും ക്ലബ്ബുകളും ഈ പദ്ധതിയില്‍ സപ്ലൈകോയുമായി കൈകോര്‍ത്തിട്ടുണ്ട്.
സപ്ലൈകോയില്‍ നിന്ന് ഓണക്കാലത്ത് 1000ത്തിനു മുകളില്‍ രൂപയുടെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി നറുക്കെടുപ്പു നടത്തും. ഒരു പവന്‍ സ്വര്‍ണനാണയമടക്കം വിവിധ സമ്മാനങ്ങളാണ് വിജയികള്‍ക്കു നല്‍കുക. ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് ആകര്‍ഷകമായ മറ്റു സമ്മാനങ്ങളും നല്‍കും.
ഓണക്കാലത്ത് സപ്ലൈകോ വില്‍പനശാലകളില്‍ 32 പ്രമുഖ ബ്രാന്‍ഡുകളുടെ 288 നിത്യോപയോഗ ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകളോ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവോ നല്‍കും. ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, കിച്ചന്‍ ട്രഷേഴ്‌സ്, ഐ.ടി.സി, ജ്യോതിലാബ് തുടങ്ങിയ മുന്‍നിര കമ്പനികളുടെ ഉത്പന്നങ്ങള്‍ക്ക് ഓഫറുകള്‍ നല്‍കും. സോപ്പ്, ഡിറ്റര്‍ജന്റുകള്‍, ബ്രാന്‍ഡഡ് ഭക്ഷ്യ ഭക്ഷ്യേതര ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് ഓണക്കാലത്ത് വലിയ ഓഫറുകളുണ്ടെന്നും സപ്ലൈകോ അറിയിച്ചു.
Supplyco has launched festive gift cards ahead of Onam, allowing customers to celebrate the season with abundance and share the joy with loved ones. The cards, now available at all Supplyco outlets, can be exchanged for specially curated Onam kits filled with essential ingredients for the traditional feast.


