മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ നിർദേശം നൽകി. കേരളത്തിൽ പ്രവർത്തിച്ചിരുന്ന കാലത്ത് അഴിമതി നടത്തിയെന്ന പരാതിയിലാണ് അന്വേഷണം. മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഡയറക്ടർക്ക് ആഭ്യന്തര വകുപ്പ് തുടർ അന്വേഷണത്തിന് നിർദേശം നൽകിയത്.
|
ഗ്യാനേഷ് കുമാറിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിരുന്ന വിജിലൻസ് കേസുകളിലും തുടരന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം. 20 വർഷം മുൻപ് സംസ്ഥാനത്ത് നടന്ന വിജിലൻസ് അന്വേഷണത്തിന്റെ ഫയലുകളും ഇതിനായി വീണ്ടും പരിശോധിക്കും.
2006ൽ നടന്ന മലേഷ്യൻ എഞ്ചിനീയറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിന്റെ പ്രാഥമിക വിവരങ്ങളാണ് ആഭ്യന്തര വകുപ്പ് ഇപ്പോൾ തേടുന്നത്. ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേര് പരാമർശിച്ചിരുന്നിട്ടും വിഷയത്തിൽ ശരിയായ അന്വേഷണം നടന്നില്ലെന്നാണ് പരാതിക്കാരന്റെ ആരോപണം.
കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട് (കെഎസ്ടിപി) പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലും തുടരന്വേഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. മുൻകാല അന്വേഷണങ്ങൾ സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചെന്ന ആരോപണവും പരാതിക്കാരൻ ഉന്നയിച്ചിട്ടുണ്ട്.
ദേശീയതലത്തിൽ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് സംസ്ഥാനത്ത് പഴയ വിജിലൻസ് കേസുകളിൽ വീണ്ടും അന്വേഷണം ആരംഭിക്കുന്നത്.
ALSO READ:LGBTQ ഇൻഫ്ലുവൻസർ മാഡ് സന്ധുവിന് വെടിയേറ്റ് ദാരുണാന്ത്യം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




