റിയാദ്: സുഹൃത്തുക്കളോട് സംസാരിച്ചു കൊണ്ടിരിക്കവെ സൗദിയില്‍ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു. അല്‍ഹസയില്‍ കാസര്‍കോട് കുമ്പള അരീക്കാട്കുന്ന് സ്വദേശി മുകേഷ് (59) ആണ് മരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് ഒരു മാസമായി അല്‍ഹസയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
|
മൂന്ന് പതിറ്റാണ്ടായി പ്രവാസിയായ മുകേഷ് അല്‍ഹസ സനയ്യയില്‍ ഓട്ടമൊബീല്‍ വര്‍ക്ക്‌ഷോപ് നടത്തി വരികയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14നാണ് സുഹൃത്തുക്കളോടൊപ്പം സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മുകേഷ് കുഴഞ്ഞു വീണത്. ഇതേതുടര്‍ന്നാണ് അല്‍ഹസയിലെ ബിന്‍ജലവി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പക്ഷാഘാതത്തിന്റെ ഫലമായി ചലനശേഷിയും സംസാരശേഷിയും പൂര്‍ണമായും നഷ്ടമായ അവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ സ്ഥിതി വഷളായി മരണം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. അല്‍ഹസയിലെ പ്രവാസി മലയാളി സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
നിയമനടപടികള്‍ പൂര്‍ത്തീകരിച്ച മൃതദേഹം ഇന്ന് രാത്രി 10.30ന് ദമാം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്ക് അയ്ക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ഒഐസിസി നാഷനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിലാണ് നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്.
മംഗലാപുരം വിമാനത്താവളത്തില്‍ നാളെ പുലര്‍ച്ചെ 5.30 ന് മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിക്കും.
keralite expatriate collapsed and died in Saudi Arabia


