രണ്ടിടത്തായി കഴിയേണ്ടി വരുന്ന ദമ്പതികള്‍ക്ക് ചുംബനം കൈമാറാന്‍ ഉപകരണം കണ്ടുപിടിച്ച് ചൈനീസ് യൂനിവേഴ്‌സിറ്റി. ചാങ്‌ഴൂ വൊക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെക്കട്രോണിക് ടെക്‌നോളജിയാണ് ഈ കിസ്സിങ് ഡിവൈസിന്റെ പേറ്റന്റ് എടുത്തത്.
|
സിലിക്കോണിലാണ് ചുണ്ടിന്റെ നിര്‍മാണം. പ്രഷര്‍ സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുള്ള സിലിക്കോണ്‍ ചുണ്ട് ചുംബനം ലഭിക്കുമ്പോള്‍ ഇതിനനുസരിച്ച് പെരുമാറും. മറുചുംബനം നല്‍കുന്ന ശബ്ദവും ചുണ്ട് പുറപ്പെടുവിക്കും. ഫോണിന്റെ ചാര്‍ജിങ് പോര്‍ട്ടിലാണ് സിലിക്കോണ്‍ ചുണ്ടില്‍ നിന്നുള്ള കണക്ഷന്‍ കുത്തേണ്ടത്. ഇതിനായി ഒരു ആപ്ലിക്കേഷനും യൂനിവേഴ്‌സിറ്റി തയ്യാറാക്കിയിട്ടുണ്ട്.
പങ്കാളിയുടെ ചുണ്ടിന്റെ ചൂടും അനക്കവുമെല്ലാം ഇതിലൂടെ സിലിക്കോണ്‍ ചുണ്ടും അനുകരിക്കും. വീഡിയോ കോള്‍ ചെയ്തുകൊണ്ട് ചുംബനം കൈമാറാനാണ് യൂനിവേഴ്‌സിറ്റി സംഘം ഇത്തരമൊരു ഉപകരണം കണ്ടുപിടിച്ചത്.
തന്റെ പെണ്‍സുഹൃത്ത് മറ്റൊരിടത്താണുള്ളതെന്നും ഫോണിലൂടെയാണ് തങ്ങള്‍ ഇപ്പോള്‍ കാണാറുള്ളതെന്നും ഇതാണ് ഇത്തരമൊരു ഉപകരണത്തിന്റെ കണ്ടുപിടുത്തത്തിന് പ്രചോദനം പകര്‍ന്നതെന്നും സംഘത്തിന്റെ തലവനായ ജിയാങ് ഴോങ്‌ലി പറയുന്നു. 2019ല്‍ ജിയാങ് കണ്ടുപിടുത്തത്തിന്റെ പേറ്റന്റിനായി അപേക്ഷിച്ചിരുന്നെങ്കിലും 2023ലാണ് ഇത് അനുവദിക്കപ്പെട്ടത്.


