16
Dec 2023
Sat
16 Dec 2023 Sat

തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ അനുപമ യൂട്യൂബ് സെലിബ്രിറ്റി; അഞ്ച് ലക്ഷം ഫോളോവേഴ്‌സ്; പിടിയിലായതോടെ കമന്റിട്ട് ഹിറ്റ് കൂട്ടി മലയാളികള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പി. അനുപമ അഞ്ച് ലക്ഷം ഫോളോവേഴ്‌സുള്ള യൂട്യൂബ് താരം. പിടിയിലായ മുഖ്യപ്രതി കെആര്‍ പത്മകുമാറിന്റെയും എംആര്‍ അനിതാകുമാരിയുടെയും മകളാണ് അനുപമ. ‘അനുപമ പത്മന്‍’ എന്ന പേരിലാണ് യൂട്യൂബ് ചാനല്‍.

ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറല്‍ വിഡിയോകളുടെ റിയാക്ഷന്‍ വിഡിയോയും ഷോട്‌സുമാണ് കൂടുതലായി അനുപമ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലിഷിലാണ് അവതരണം. 381 വിഡിയോ ഇതിനകം പോസ്റ്റ് ചെയ്തിട്ടുണ്ട്. അവസാന വീഡിയോ പങ്കിട്ടത് ഒരുമാസം മുന്‍പാണ്. അമേരിക്കന്‍ സെലിബ്രിറ്റി കിം കര്‍ദാഷിയാനെക്കുറിച്ചാണ് പ്രധാന വിഡിയോകളെല്ലാം.

തട്ടിക്കൊണ്ടുപോയ കുട്ടിയെ പാര്‍പ്പിച്ചെന്ന് കരുതുന്ന ചിറക്കര പോളച്ചിറ തെങ്ങുവിളയിലുള്ള ഫാംഹൗസിലെ റംബൂട്ടാന്‍ വിളവെടുപ്പ് വിഡിയോയും ഉണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 14,000ലധികം ഫോളോവേഴ്‌സുണ്ട്. വളര്‍ത്തുനായ്ക്കളെ ഇഷ്ടപ്പെടുന്നയാളായ അനുപമ, നായകളെ ദത്തെടുക്കുന്ന പതിവുമുണ്ട്. എണ്ണം കൂടിയതിനാല്‍ നായകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം തുടങ്ങാന്‍ ആഗ്രഹിച്ചു. അതിനു സമൂഹമാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ഥിച്ച് അനുപമ പോസ്റ്റിട്ടിരുന്നു.

കൃത്യത്തില്‍ ഭാര്യക്കും മകള്‍ക്കും പങ്കുള്ളതായി പോലീസിന് സൂചനലഭിച്ചിട്ടുണ്ട്. പാരിപ്പള്ളിയില്‍ നിന്ന് ഫോണ്‍ വിളിച്ചത് പത്മകുമാറിന്റെ ഭാര്യയാണെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ ശബ്ദം ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ തിരിച്ചറിഞ്ഞു. വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യത കുടുംബത്തിനുണ്ടായിരുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. ലോണ്‍ ആപ്പുകളില്‍ നിന്നടക്കം കുടുംബം വായ്പയെടുത്തിരുന്നു. ബാധ്യത അധികമായതോടെ കുട്ടികളെ കിഡ്‌നാപ്പ് ചെയ്ത് പണം തട്ടാം എന്ന തീരുമാനത്തിലേക്ക് പ്രതികളെത്തുകയായിരുന്നു. ഓയൂരിലെ കുട്ടിയുടെ കിഡ്‌നാപ്പിങ് വിജയിച്ചാല്‍ കിഡ്‌നാപ്പിംഗ് തുടരാം എന്ന നീക്കത്തിലായിരുന്നു പ്രതികള്‍ എന്നാണ് വിവരം.