ഗാന്ധിനഗർ: സർക്കാർ ആശുപത്രിയിൽ ആദ്യമായി കരൾ മാറ്റിവെച്ച വയനാട് സ്വദേശി സുജാത (52) ആശുപത്രി വിട്ടു. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയ മന്ത്രി വീണാജോർജ് ശസ്ത്രക്രിയ നടത്തിയവരെ അഭിനന്ദിച്ചു. ആരോഗ്യനില വീണ്ടെടുത്ത സുജാതയെ മന്ത്രിയും മെഡിക്കൽ കോളേജ് അധികൃതരും ചേർന്നാണ് യാത്രയാക്കിയത്.ഏപ്രിൽ 25-നാണ് സുജാതയ്ക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. മസ്തിഷ്‌കമരണം സംഭവിച്ച, കോട്ടയം താഴത്തങ്ങാടി സ്വദേശി കൈലാസ് നാഥിന്റെ (23) കരളാണ് സുജാതക്ക് ലഭിച്ചത്. സുജാതയുൾപ്പെടെ ഏഴ് പേർക്ക് കൈലാസ് നാഥിന്റെ അവയവങ്ങൾ നൽകി.
|
അപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൈലാസ് നാഥിന്റെ കരളാണ് മാറ്റിവയ്ക്കുന്നതിന് വേണ്ടി ലഭ്യമായത്. ഡി.വൈ.എഫ്.ഐ. സജീവ പ്രവർത്തകനായ കൈലാസ് നാഥ് മരണത്തിലും സുജാതയുൾപ്പെടെ 7 പേരുടെ ജീവിതത്തിലാണ് പ്രകാശമായത്.
സംസ്ഥാനത്ത് സർക്കാർ മേഖലയിലെ അവയവമാറ്റ ശസ്ത്രക്രിയയിൽ സുപ്രധാനമായ ഒരു ചുവടുവെപ്പ് കൂടിയാണിതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മരണാനന്തര അവയവ മാറ്റം സമയ ബന്ധിതമായി നടത്തേണ്ട സങ്കീർണ്ണതയേറിയ ശസ്ത്രക്രിയയാണ്. ഇതു കൂടാതെ ഓപ്പറേഷൻ കഴിഞ്ഞിട്ടുള്ള റിക്കവറി സമയത്തും കൂടുതൽ ശ്രദ്ധയോടെ പരിചരിക്കേണ്ടതായുണ്ട്. അതുവരെ സർക്കാർ ആരോഗ്യമേഖലയിൽ സാധ്യമല്ലാതിരുന്ന കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കേരളത്തിൽ ആരംഭിച്ചത് 2022 ഫെബ്രുവരിയിലാണ്. ആദ്യത്തെ മൂന്ന് ശസ്ത്രക്രിയകളിലും ബന്ധുക്കളാണ് കരൾ നൽകിയത്. ഇതുകൂടാതെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആരംഭിച്ചു. അതെല്ലാം തന്നെ സൗജന്യമായി വിജയകരമായി നടപ്പിലാക്കാൻ സാധിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ നാലാമത്തെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയം കൂടിയാണിതെന്നും മന്ത്രി പറഞ്ഞു.


