11
Aug 2026
Tue
11 Aug 2026 Tue
MP PARAMESWARAN

ആണവ ശാസ്ത്രജ്ഞനും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനുമായ ഡോക്ടര്‍ എം.പി. പരമേശ്വരന്‍ (92) അന്തരിച്ചു. തൃശൂരിലെ വസതിയില്‍ ആയിരുന്നു അന്ത്യം. കിരാലൂര്‍ ഗ്രാമത്തില്‍ 1935 ജനുവരി 18നാണ് ജനനം. തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ നിന്നും എന്‍ജിനീയറിങ് ബിരുദം പൂര്‍ത്തിയാക്കി. റഷ്യയില്‍ മോസ്‌കോ പവര്‍ ഇന്‍സ്റ്റിറ്റിയൂറ്റില്‍നിന്ന് ന്യൂക്ലിയര്‍ എന്‍ജിനീയറിങ്ങില്‍ പിഎച്ച്ഡി നേടി. 1957 മുതല്‍ 1975 വരെ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ശാസ്ത്രജ്ഞനായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിന്നീട് ജോലി രാജിവെച്ചു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി, ഓള്‍ ഇന്ത്യ പീപ്പിള്‍ സയന്‍സ് നെറ്റ്‌വര്‍ക്കിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. ദേശീയ തലത്തില്‍ സാക്ഷരതാ പ്രസ്ഥാനം വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ നാലാംലോക സിദ്ധാന്തം സിപിഎമ്മില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. 2004ല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.

കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. സിപിഐഎം അംഗമായിരുന്ന എം പി പരമേശ്വരനെ സൈദ്ധാന്തിക വിയോജിപ്പിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

ശാസ്ത്രത്തെ കേവലം സാങ്കേതിക അറിവായി കാണാതെ സമൂഹത്തിന്റെ പുരോഗതിക്കും മനുഷ്യവിമോചനത്തിനുമുള്ള ഉപാധിയായി അവതരിപ്പിക്കണമെന്ന നിലപാടായിരുന്നു എം പി പരമേശ്വരന്റെ ചിന്തകളുടെ പ്രധാന സവിശേഷത. കേരളത്തില്‍ ശാസ്ത്രസാഹിത്യവും ജനകീയ ശാസ്ത്രപ്രചാരണവും വളര്‍ത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.

മാര്‍ക്‌സിസ്റ്റ് ആശയങ്ങളെയും ശാസ്ത്രീയ ചിന്തയെയും സാമൂഹിക വികസനത്തെയും അഭിസംബോധന ചെയ്തു കൊണ്ടുള്ള അദ്ദേഹത്തിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും കേരളത്തിലെ പുരോഗമന ബൗദ്ധിക രംഗത്ത് നിരവധിയായ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു.

പരിസ്ഥിതി വിഷയങ്ങളിലും അദ്ദേഹത്തിന്റെ പഠനങ്ങള്‍ ശ്രദ്ധേയമായിരുന്നു. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങള്‍ കേരളം ഗൗരവത്തില്‍ ചര്‍ച്ച ചെയ്തിരുന്നു.

ALSO READ: എസ്ഡിപിഐ ദേശീയ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമെന്ന് അവകാശപ്പെട്ട് ദേശാഭിമാനി

തുടക്കത്തില്‍ ശാസ്ത്രഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സംഘടനയെന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ശാസ്ത്രസാഹിത്യപരിഷത്ത് പിന്നീട് ശാസ്ത്രത്തെ ജനകീയമാക്കാനും ശാസ്ത്രീയ ചിന്ത പ്രചരിപ്പിക്കാനും ലോകത്ത് തന്നെ ഉണ്ടായ ഏറ്റവും വിപുലമായ ജനകീയ മുന്നേറ്റങ്ങളിലൊന്നായി മാറിയതില്‍ എം പി പരമേശ്വരന്റെ കൈയ്യൊപ്പും പതിഞ്ഞിട്ടുണ്ട്.

കേരളത്തിലെ സമ്പൂര്‍ണ സാക്ഷരതാ പ്രവര്‍ത്തനങ്ങളിലും അതിന് പിന്നാലെയുണ്ടായ ജനകീയ ആസൂത്രണ പദ്ധതിയിലും എം പി പരമേശ്വരന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. സമ്പൂര്‍ണ സാക്ഷരത, അധികാരവികേന്ദ്രീകൃത ആസൂത്രണം തുടങ്ങിയ വന്‍ ജനപങ്കാളിത്തത്തോടെ വിജയകരമായി നടപ്പാക്കിയ പദ്ധതികളില്‍ നേതൃപരമായ പങ്ക് തന്നെ എം പി പരമേശ്വരന്‍ വഹിച്ചിട്ടുണ്ട്. പിന്നീട് സാക്ഷരത എന്ന ആശയം ഭാരത് ജ്ഞാന്‍ വിജ്ഞാന്‍ സമിതിയിലൂടെ ഇന്ത്യയിലെ ഓരോ ഗ്രാമത്തിലേക്കും എത്തിക്കുന്ന പ്രവര്‍ത്തനങ്ങളിലും എം പി പരമേശ്വരന്‍ പങ്കാളിയായി.

മാര്‍ക്‌സിസത്തെ സ്വന്തം രീതിയില്‍ വ്യാഖ്യാനിച്ച സൈദ്ധാന്തികന്‍ എന്ന നിലയിലും എം പി പരമേശ്വരന് പ്രാധാന്യമുണ്ട്. മാര്‍ക്‌സിസത്തെ പുതിയ കാലത്ത് അദ്ദേഹം തന്റേതായ രീതിയില്‍ വ്യാഖ്യാനിച്ചു. സോവിയറ്റ് യൂണിന്റെയും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും തകര്‍ച്ചയ്ക്ക് പിന്നാലെയാണ് ജനാധിപത്യത്തില്‍ ഊന്നിയ കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടുകളില്‍ ഊന്നിയുള്ള സൈദ്ധാന്തിക ചര്‍ച്ചകള്‍ക്ക് എം പി പരമേശ്വരന്‍ തുടക്കം കുറിച്ചത്.അതില്‍ നിന്നാണ് പിന്നീട് വിവാദമായ ‘നാലാം ലോകം’ എന്ന ആശയം രൂപപ്പെടുന്നത്. നാലാം ലോക വിവാദത്തോടെ എം പി പരമേശ്വരന്‍ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടു.

‘ഉലയാത്ത സ്വപ്നങ്ങള്‍’ എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ആത്മകഥ ഈ സൈദ്ധാന്തികവും സംഘടനാപരവും വ്യക്തിപരവുമായ മാറ്റങ്ങളെ എം പി പരമേശ്വരന്‍ മനോഹരമായി രേഖപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാനപരമായി ഒരു മാര്‍ക്‌സിസ്റ്റായ താന്‍ ഉയര്‍ത്തുന്ന വിഷയങ്ങളെ ഇടതുപക്ഷം വേണ്ടത്ര മനസ്സിലാക്കിയില്ലെന്നതിലുള്ള നിരാശയും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.

സിപിഐഎമ്മിന്റെ ഭാഗമായി മാറിയതിന് പിന്നാലെ ചിന്ത വാരികയുടെ പബ്ലിക്കേഷന്‍ കമ്മിറ്റിയുടെ ഭാഗമായി എം പി പരമേശ്വരന്‍ പ്രവര്‍ത്തിച്ചു. കുറച്ചുകാലം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലും പ്രവര്‍ത്തിച്ചു. ആ കാലത്ത് മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ അദ്ദേഹം നിരവധി ചെറിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. വൈരുധ്യാത്മക ഭൗതികവാദം പോലുള്ള ഗഹനമായ വിഷയങ്ങള്‍ പോലും വളരെ ലളിതമായ ഭാഷയില്‍ എം പി പരമേശ്വരന്‍ വിശദീകരിച്ചിട്ടുണ്ട്. 2017ല്‍ കേരള സാഹിത്യ അക്കാഡമി നല്‍കുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരത്തിനും എം പി പരമേശ്വരന്‍ അര്‍ഹമായി. എകെജിയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി ഷാജി എം കരുണ്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിയില്‍ ഇഎംഎസിന്റെ കഥാപാത്രമായി അഭിനയിച്ചതും എം പി പരമേശ്വരനായിരുന്നു.

Tags: MP Parameswaran, MP Parameswaran Death, Kerala Sasthra Sahithya Parishad, Fourth World Theory, BARC Scientist, Kerala News, Obituary Malayalam, Marxist Thinker

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക