റിയാദ്: സന്ദർശന വിസയിൽ സൗദിയിൽ എത്തിയ കോട്ടയം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോട്ടയം മേവള്ളൂർ വെള്ളൂർ ചാമക്കാലയിൽ വീട്ടിൽ തച്ചേത്തുപറമ്പിൽ വർക്കി ജോസ് (61) ആണ് മരിച്ചത്.
|
അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ നഴ്സായ മകൾ പിങ്കിയുടെ അടുത്ത് എത്തിയതായിരുന്നു അദ്ദേഹം. നാല് മാസം മുമ്പാണ് സന്ദർശന വിസയിൽ സൗദിയിൽ എത്തിയത്. 20 ദിവസം മുമ്പ് മസ്തിഷ്കാഘാതമുണ്ടായതിനെ തുടർന്ന് കിങ് ഖാലിദ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് അന്ത്യം സംഭവിച്ചത്.
അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സമ്മതപ്രകാരം ആന്തരികാവയവങ്ങൾ ദാനം ചെയ്തു. വൃക്ക, കരൾ, നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. അദ്ദേഹത്തിന്റെ 2 മക്കളും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് ഇതേ ആശുപത്രിയിൽ തന്നെ അവയവ ദാനം നടത്താനുള്ള സമ്മതപത്രത്തിൽ ഒപ്പിട്ട് നൽകുകയായിരുന്നു. ഭാര്യ: മേരി. മക്കൾ: പിങ്കി (അൽഖർജ്), ജിൻസ് (നിയോം, തബൂക്ക്). നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


