തിരുവനന്തപുരം: കോവളത്ത് ആന്ധ്ര സ്വദേശിനിയായ പതിനാറുകാരിയെ സ്പായുടെ മറവിൽ ക്രൂരമായ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ നിർണായക വഴിതിരിവ്. കുട്ടിയെ വിൽക്കുകയും സ്പാകളിൽ എത്തിച്ച് പീഡനത്തിന് വഴിയൊരുക്കുകയും ചെയ്ത മാതൃസഹോദരിയെയും (ഇളയമ്മ) ഭർത്താവിനെയും ആന്ധ്രപ്രദേശിൽ നിന്ന് പിടുകൂടിയ അന്വേഷണ സംഘം പ്രതികളെ ഇന്ന് കേരളത്തിലെത്തിക്കും. കേസിൽ നേരത്തെ അറസ്റ്റിലായ സ്പാ ഉടമകളായ സജിത് കുമാർ, നിശാന്ത് എന്നിവരുടെ ചോദ്യം ചെയ്യലും തെളിവെടുപ്പും പുരോഗമിക്കുകയാണ്.
|
മാതാപിതാക്കൾ നഷ്ടപ്പെട്ട പെൺകുട്ടിയെ സംരക്ഷണം ഏറ്റെടുത്തവർ തന്നെ സാമ്പത്തിക ലാഭത്തിനായി മനുഷ്യക്കടത്തിന് ഇരയാക്കുകയായിരുന്നു. ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലെ സ്പാകളിൽ എത്തിച്ച് ചൂഷണം ചെയ്ത ശേഷമാണ് കുട്ടിയെ കോവളത്തെത്തിച്ചത്. 16 വയസ്സുള്ള കുട്ടിക്ക് 20 വയസ്സുണ്ടെന്ന് കാണിക്കുന്ന വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചാണ് പ്രതികൾ സ്പാകളിൽ ജോലിക്ക് കയറ്റിയതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സർക്കാർ ഉദ്യോഗസ്ഥന്റെ ബിനാമി ഇടപാടുകളും പുറത്ത്
കോവളത്ത് പെൺകുട്ടി പീഡനത്തിനിരയായ സ്പാകളിൽ ഒന്നിന് പിന്നിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടറാണെന്ന ഞെട്ടിക്കുന്ന വിവരവും പൊലീസിന് ലഭിച്ചു. അറസ്റ്റിലായ സ്പാ ഉടമ നിശാന്തിന്റെ ഫോൺ രേഖകളും അക്കൗണ്ട് ഇടപാടുകളും പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥന്റെ ബിനാമി പങ്കാളിത്തം വ്യക്തമായത്. സ്ഥാപനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഈ ഉദ്യോഗസ്ഥനെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടാല്‍ ഉദ്യോഗസ്ഥനെതിരെയും പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷൻ സ്പാ’ ശക്തം
കോവളത്തെ സംഭവത്തിന് പിന്നാലെ എ.ഡി.ജി.പി പി. വിജയന്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി പൊലീസും എക്സൈസും നടത്തുന്ന ‘ഓപ്പറേഷൻ സ്പാ’ (Operation Spa) മിന്നൽ പരിശോധന തുടരുകയാണ്.
-
സംസ്ഥാനത്താകെ നടത്തിയ പരിശോധനകളിൽ ഇതുവരെ ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
-
ലൈസൻസോ കൃത്യമായ രേഖകളോ ഇല്ലാത്ത നിരവധി സ്പാകൾക്ക് നോട്ടീസ് നൽകുകയും നിയമവിരുദ്ധമായി പ്രവർത്തിച്ചവ പൂട്ടിടുകയും ചെയ്തു.
-
വ്യാജ വിലാസങ്ങളിലും പ്രായപൂർത്തിയാകാത്തവരെ ജോലിക്കുവെച്ചും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന കേന്ദ്രങ്ങൾക്കതിരെ കർശന നടപടി തുടരുമെന്ന് ഉയർന്ന ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
പെൺകുട്ടിയെ പാർപ്പിച്ചിരുന്ന സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ്, ഇടപാടുകളുമായി ബന്ധപ്പെട്ട മറ്റുപ്രതികളെയും ഇടപാടുകാരെയും കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്. കേസിൽ പോക്സോ നിയമപ്രകാരം ശക്തമായ കുറ്റപത്രം സമർപ്പിക്കുമെന്നും പെൺകുട്ടിക്ക് ആവശ്യമായ കൗൺസിലിംഗും പുനരധിവാസവും ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
Tags: Kovalam Spa Abuse Case, Minor Girl Trafficking Kerala, Operation Spa Kerala Police, Health Inspector Spa Link Trivandrum, POCSO Case Kerala News, Crime News Malayalam, News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



