20
Oct 2025
Mon
20 Oct 2025 Mon
Kozhikkodan fest at Jeddah

ജിദ്ദ: സാംസ്‌കാരിക പൈതൃകവും രുചി വൈവിധ്യവുമായി കോഴിക്കോടന്‍ ഫെസ്റ്റ് 2025 ജിദ്ദയില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ജിദ്ദയിലെ മലയാളി സമൂഹത്തിന് മറക്കാനാവാത്ത അനുഭവം സമ്മാനിച്ച കോഴിക്കോടന്‍ ഫെസ്റ്റിന്റെ രണ്ടാം സീസണാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജിദ്ദയിലെ അല്‍ മഹ്ജര്‍ ഖുബ്ബ ഓഡിറ്റോറിയത്തില്‍ 17ന് വൈകീട്ട് മൂന്നു മുതല്‍ കുടുംബമേള അരങ്ങേറും.
കോഴിക്കോടിന്റെ തനത് സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടിയില്‍, കലാരൂപങ്ങളും രുചിക്കൂട്ടുകളും ജില്ലയുടെ പ്രധാന അടയാളങ്ങളായ മാനാഞ്ചിറ സ്‌ക്വയറും ഹല്‍വാ ബസാറും മിഠായി തെരുവും നാദാപുരം പള്ളിയുമൊക്കെ പുനഃസൃഷ്ടിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

ബാഫഖി തങ്ങള്‍ ഹാള്‍, സി.എച്ച് മുഹമ്മദ് കോയ സാഹിബ് ഹാള്‍, മാനഞ്ചിറ മൈതാനം എന്നീ നാമങ്ങളിലായി മൂന്ന് വേദികളിലായാണ് ഇത്തവണ വിവിധ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും, കുടുംബിനികള്‍ക്കും, ബാച്ച്ലേഴ്സിനുമായി വിവിധ കലാ കായിക മത്സരങ്ങള്‍ നടക്കും. ഒപ്പന, കോല്‍ക്കളി, വട്ടപ്പാട്ട് തുടങ്ങിയ കോഴിക്കോടിന്റെ തനത് കലാരൂപങ്ങള്‍ അരങ്ങേറും.

ബിരിയാണി മത്സരം, മൈലാഞ്ചി മത്സരം, കളറിങ് ആന്റ് ഡ്രോയിങ്, ക്വിസ്, വടംവലി, ഷൂട്ട് ഔട്ട്, പഞ്ചഗുസ്തി മത്സരം, ഫണ്‍ ഗെയിംസ് എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്.
പ്രശസ്ത ഗാന രചയിതാവും ഗായകനുമായ കൊച്ചിന്‍ ഷമീറിന്റെ നേതൃത്വത്തില്‍ ജിദ്ദയിലെ അറിയപ്പെടുന്ന ഗായകരെ അണിനിരത്തി സംഗീത വിരുന്നുമുണ്ടാകും.

വാര്‍ത്താ സമ്മേളനത്തില്‍ ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കൊല്ലി, ട്രഷറര്‍ ഒ പി അബ്ദുല്‍ സലാം പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സുബൈര്‍ വാണിമേല്‍, പ്രോഗ്രാം കണ്‍വീനര്‍ ബഷീര്‍ കീഴില്ലത്ത്, ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായ ടി കെ അബ്ദുല്‍ റഹിമാന്‍, സൈതലവി രാമനാട്ടുകര, അബ്ദുല്‍ വഹാബ്, മുഹമ്മദ് ഷാഫി പുത്തൂര്‍, നൗഫല്‍ പറമ്പില്‍ ബസാര്‍, ഷബീര്‍ അലി, സാലിഹ് പൊയില്‍തൊടി, തഹദീര്‍ വടകര എന്നിവര്‍ പങ്കെടുത്തു.