പുതുവര്‍ഷത്തില്‍ ഇരുട്ടടി; ജനുവരിയിലെ വൈദ്യുതി ബില്ലും കൂടും; 19 പൈസ സര്‍ചാര്‍ജ് കൂട്ടി KSEB
|
തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ സര്‍ചാര്‍ജ് തുടരുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചതോടെ അടുത്ത ബില്ലിലും നിരക്ക് കൂടും. സര്‍ക്കാരിന് അധിക ബാധ്യതയെന്ന് പറഞ്ഞ് 19 പൈസ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയാണ് ജനങ്ങള്‍ക്ക് കെ.എസ്.ഇ.ബി ഇരുട്ടടി നല്‍കുന്നത്. നേരിട്ട് 10 പൈസ ചുമത്തിയും പുതുതായുള്ള 9 പൈസയും ചേര്‍ത്താണ് ഈ സര്‍ചാര്‍ജ് ഈടാക്കുന്നത്. കെഎസ്ഇബി നേരിട്ട് 10 പൈസ സര്‍ചാര്‍ജ് ചുമത്തി ഉത്തരവിറങ്ങി. നേരത്തെ റെഗുലേറ്ററി കമ്മിഷന്‍ 9 പൈസ അനുവദിച്ചിരുന്നു. ഈ രണ്ടു തുകയും ചേര്‍ത്താണ് 19 പൈസ. ഈ മാസവും 19 പൈസ ഈടാക്കിയിരുന്നു. പ്രതിമാസ ബില്ലിലും ദ്വൈമാസ ബില്ലിലും ഇതു ബാധകമാണ്.
നവംബറില്‍ അധികമായി വൈദ്യുതി വാങ്ങാന്‍ ചെലവിട്ട പണമാണ് സര്‍ചാര്‍ജ് ആയി ഈടാക്കുന്നതെന്ന് പറയുമ്പോഴും കെ.എസ്.ഇ.ബിയുടെ ശമ്പളച്ചെലവും പെന്‍ഷന്‍ ബാധ്യതയും പെരുകുന്നത് ജനങ്ങളുടെ തലയില്‍ കെട്ടി വയ്ക്കുന്നതായി ആക്ഷേപമുയരുന്നുണ്ട്.
2022- 23 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 2,524.10 കോടി രൂപയാണ് കെ.എസ്.ഇ.ബിയുടെ പെന്‍ഷന്‍ ബാധ്യത. 2021 – 22 വര്‍ഷത്തിലെ ബാധ്യത 2,376.69 കോടി രൂപയായിരുന്നു. ജനങ്ങളില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ടുള്ള തെളിവെടുപ്പ് നടത്താനിരിക്കുകയാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍. ജനുവരി നാലിനാണ് ഇത് നടത്തുക.





