22
Jun 2024
Thu
22 Jun 2024 Thu
Kuwait fire- malayalees photos

കുവൈത്ത് സിറ്റി: പ്രവാസ ലോകത്തെയും കേരളത്തെയും ഒരു പോലെ ഞെട്ടിച്ച ദുരന്തത്തില്‍ മരിച്ചവരുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായി. ( Kuwait building fire update: Deceased Malayalees details ) കുവൈത്ത് തൊഴിലാളി ക്യാമ്പിലെ തീപിടിത്തത്തില്‍ മരിച്ചവരില്‍ 9 മലയാളികളെകളെയാണ് ഇതിനകം തിരിച്ചറിഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം ഓയൂര്‍ സ്വദേശി ശൂരനാട് വടക്ക് ആനയടി തുണ്ടുവിള വീട്ടില്‍ ഉമറുദ്ദീന്റെയും ശോഭിതയുടെയും മകന്‍ ഷെമീര്‍ (33), കോട്ടയം പാമ്പാടി വിശ്വഭാരതി കോളജിന് സമീപം വാടകക്ക് താമസിക്കുന്ന പാമ്പാടി ഇടിമാരിയില്‍ സാബു ഫിലിപ്പിന്റെ മകന്‍ സ്‌റ്റെഫിന്‍ എബ്രഹാം സാബു (29), കാസര്‍കോട് ചെങ്കള കുണ്ടടുക്കത്തെ രഞ്ജിത്ത് (34), ചെറുവത്തൂര്‍ പിലിക്കോട് എരവില്‍ സ്വദേശി തൃക്കരിപ്പൂര്‍ ഇളമ്പച്ചിയില്‍ താമസിക്കുന്ന പി. കുഞ്ഞിക്കേളു (58), പന്തളം മുടിയൂര്‍ക്കോണം ഐരാണിക്കുഴി ശോഭാലയത്തില്‍ പരേതനായ ശശിധരന്റെ മകന്‍ ആകാശ് (32), പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി.വി. മുരളീധരന്‍ നായര്‍ (60), കോന്നി അട്ടച്ചാക്കല്‍ കൈതക്കുന്ന് ചെന്നശ്ശേരില്‍ സജു വര്‍ഗീസ് (56), കൊല്ലം പുനലൂര്‍ നരിയ്ക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ വില്ല പുത്തന്‍ വീട്ടില്‍ ജോര്‍ജ് പോത്തന്റെയും വത്സമ്മയുടെയും മകന്‍ സാജന്‍ ജോര്‍ജ് (29), വെളിച്ചിക്കാല വടകോട് വിളയില്‍വീട്ടില്‍ ഉണ്ണൂണ്ണി-കുഞ്ഞമ്മ ദമ്പതികളുടെ മകന്‍ ലൂക്കോസ് (48) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.

രണ്ട് ലക്ഷം രൂപ ധനസഹായം
മറ്റുള്ളവരുടെ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിക്കുക.

ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന 35 പേരില്‍ 7 പേരുടെ നില ഗുരുതരമാണ്. 5 പേര്‍ വെന്റിലേറ്റിറലാണ്. ഇരയായവരെക്കുറിച്ച് ബന്ധുക്കള്‍ വിവരങ്ങള്‍ കൈമാറാന്‍ സ്ഥാനപതി കാര്യാലയം ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. നമ്പര്‍+965-65505246.

മലയാളിയായ കെ ജെ അബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എന്‍.ബി.ടി.സിയിലെയും ഹൈവേ സൂപ്പര്‍ മാര്‍ക്കറ്റിലെയും ജീവനക്കാരാണ് ദുരന്തത്തില്‍പെട്ടത്. മലയാളികളടക്കം 49 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിരവധി പേര്‍ക്ക് സാരമായ പരിക്കേറ്റു. ഇവര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച പുലര്‍ച്ച നാലുമണിക്കാണ് മന്‍ഗഫ് ബ്ലോക്ക് നാലിലെ ആറുനില കെട്ടിടത്തില്‍ തീപടര്‍ന്നത്. കെട്ടിടത്തില്‍ 196 പേരായിരുന്നു താമസിച്ചിരുന്നത്. തീപിടിത്ത കാരണം വ്യക്തമായിട്ടില്ല.

തൊഴിലാളികള്‍ ഉറങ്ങുന്നതിനിടെയാണ് തീപിടിത്തം എന്നത് മരണസംഖ്യ ഉയരാന്‍ കാരണമായി.

നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്

തിരുവനന്തപുരം: കുവൈത്ത് തീപിടിത്തത്തിന്റെ സാഹചര്യത്തില്‍ നോര്‍ക്ക റൂട്‌സ് ഹെല്‍പ് ഡെസ്‌ക് തുടങ്ങി. നമ്പറുകള്‍: അനൂപ് മങ്ങാട്ട് +965 90039594, ബിജോയ് +965 66893942, റിച്ചി കെ ജോര്‍ജ് +965 60615153, അനില്‍ കുമാര്‍ +965 66015200, തോമസ് ശെല്‍വന്‍ +965 51714124, രഞ്ജിത്ത് +965 55575492, നവീന്‍ +965 99861103, അന്‍സാരി +965 60311882, ജിന്‍സ് തോമസ് +965 65589453,സുഗതന്‍ – +96 555464554, ജെ. സജി – + 96599122984. പ്രവാസിള്‍ക്ക് ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വിസ്) ബന്ധപ്പെടാവുന്നതാണ്.