16
Jun 2023
Mon
16 Jun 2023 Mon

തിരുവനന്തപുരം: കേരളത്തിൽ വിദ്യാസമ്പന്നരായ പെൺകുട്ടികൾ വിവാഹം കഴിക്കാൻ മടിക്കുകയാണെന്നും ഇതുകാരണം പുരുഷന്മാർ വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടാതെ വിഷമിക്കുകയാണെന്നും പഠനം. കേരളത്തിലെ അഭ്യസ്തവിദ്യരായ പെൺകുട്ടികൾക്ക് ‘വിവാഹപ്പേടി’യും കുടുംബജീവിതത്തോട് വിമുഖതയുമാണ്. വിവാഹം നീട്ടിവയ്ക്കുന്നതും വേണ്ടെന്നുവയ്ക്കുന്നതും സമീപഭാവിയിൽ ഇതിന്റെ പ്രതിഫലനം സാമ്പത്തിക,- സാമൂഹിക മേഖലകളിൽ ദൃശ്യമാവുമെന്ന് തിരുവനന്തപുരം പട്ടം എസ്യുടി ആശുപത്രിയിലെ സൈക്കോളജിസ്റ്റായ ഡോ. നിതിന്റെ പഠനം വ്യക്തമാക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടുംബ ജീവിതത്തിന്റെ ഉത്തരവാദിത്തം നിർവഹിക്കാനുള്ള വിമുഖത, ഗർഭം ധരിക്കുന്നതിനുള്ള താൽപ്പര്യക്കുറവ്, കുട്ടികളെ വളർത്തുന്നതിനുള്ള മടി തുടങ്ങിയവയാണ് വിവാഹപ്പേടിയുടെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. പെൺകുട്ടികളിൽ ഭൂരിഭാഗം പേരും ചെറുപ്രായത്തിൽ വിവാഹത്തിന് സന്നദ്ധമല്ല. സാമ്പത്തികമായി സുരക്ഷിതമാവുന്നതിനും തനിച്ചുള്ള ജീവിതത്തിന്റെ സ്വാതന്ത്ര്യം പരിഗണിച്ചുമാണിത്.

കേരളത്തിലെ പ്രമുഖ മാട്രിമോണിയൽ സ്ഥാപനങ്ങൾ, വെബ്‌സൈറ്റുകൾ, വർഷങ്ങളായി മാട്രിമോണിയൽ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു പഠനം. 31 മുതൽ 98 ശതമാനംവരെ പെൺകുട്ടികൾ വിവാഹത്തിന് താൽപ്പര്യപ്പെടുന്നില്ലെന്നാണ് പഠനം പറയുന്നത്. വിവാഹവും കുടുംബജീവിതവും വലിയ ദുരന്തമാണെന്ന പ്രചാരണം പെൺകുട്ടികളെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. കുടുംബപ്രശ്‌നങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും സാമാന്യവൽക്കരിച്ചുള്ള വാർത്തകളും സിനിമകളും സമൂഹമാധ്യമങ്ങളും സ്വാധീനിക്കുന്നു. നല്ല ബന്ധങ്ങൾക്കായുള്ള കാത്തിരിപ്പും വിവാഹം വൈകിപ്പിക്കുന്നു. വൈകിയുള്ള വിവാഹം ഗർഭം ധരിക്കാനുള്ള സാധ്യത കുറയുന്നതിനാൽ കുട്ടികളുടെ എണ്ണം കുറയുന്നതിന് കാരണമാകുന്നു. ഇത് കുടുംബഘടനയിലും സമൂഹഘടനയിലും മാറ്റം സൃഷ്ടിക്കുമെന്നും പഠനത്തിലുണ്ട്.