രാത്രി ഇടിമിന്നലോടുകൂടിയ മഴ; ഇന്നും മഴ തുടരും, യെല്ലോ അലര്‍ട്ട്
|
കേരളത്തില്‍ വേനല്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച വരെ എല്ലാ ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴ ലഭിയ്ക്കുമെന്നുമാണ് മുന്നറിയിപ്പ്. രാത്രി സംസ്ഥാനത്ത് പൊതുവില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അഞ്ച് ജില്ലകളില്‍ നിലവില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വയനാട്, പാലക്കാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകള്‍ക്കും അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ബുധാനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ പ്രവചിക്കുന്നുണ്ട്. നാളെ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട ജില്ലയിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്.





