Weather updates: കേരളത്തിൽ ഉയർന്ന താപനിലയ്ക്ക് ഇന്നും മാറ്റമുണ്ടാകില്ല. മൂന്ന് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യതയും പ്രവചിക്കുന്നു. ഇടി മിന്നലോടു കൂടിയ മഴയ്ക്കും ഒപ്പം കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുന്നതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
|
12 ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പുള്ളത്. പാലക്കാട്, തൃശൂർ, കോഴിക്കോട്, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കണ്ണൂർ, തിരുവനന്തപുരം, എറണാകുളം, കാസർക്കോട്, മലപ്പുറം ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചത്.
പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, കോഴിക്കോട് ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും നിർദേശത്തിൽ പറയുന്നു.





