തിരുവനന്തപുരം: കൊടുംചൂടില്‍ നിന്ന് കേരളത്തിന് ആശ്വാസമായി ഇന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ തിങ്കളാഴ്ച്ച വരെ വിവിധയിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പുള്ളത്.
|
നാളെ (മെയ് 12ന്) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ് ഉത്തരവിറക്കി. സമാനമായി മെയ് 13ന് പത്തനംതിട്ട ജില്ലയിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് മുതല്‍ മെയ് 14 വരെ എല്ലാ ദിവസവും കേരളത്തിലുടനീളം മഴ പെയ്യുമെന്നാണ് കണക്കുകൂട്ടുന്നത്. യെല്ലോ അലര്‍ട്ടില്ലാത്ത സ്ഥലങ്ങളില്‍ മിതമായ മഴയാണ് പ്രതീക്ഷിക്കുന്നത്.
ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. കൂട്ടത്തില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ പ്രത്യേകിച്ച് മലയോര ജില്ലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കുന്നു.


