കോഴിക്കോട്: ഡോക്ടർമാരുടെ കുറിപ്പടി ഇല്ലാതെ മരുന്നുകൾ നൽകരുതെന്ന നിയമം കർക്കശമായി നടപ്പാക്കാൻ ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ്‌സ് അസോസിയേഷൻ (എകെസിഡിഎ) തീരുമാനം. ഇതുസംബന്ധിച്ച് സംഘടന മെഡിക്കൽ ഷോപ്പുകൾക്ക് കർശന നിർദ്ദേശം നൽകി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ യാതൊരു കാരണവശാലും ആന്റി ബയോട്ടിക്കുകൾ നൽകരുതെന്നും നിർദേശമുണ്ട്. ആന്റിബയോട്ടിക്കുകൾക്കെതിരെ അണുക്കൾ പ്രതിരോധശേഷി നേടുന്നത് തടയാനുള്ള സർക്കാർ പദ്ധതിയെ പിന്തുണച്ചാണ് ഈ നീക്കം.
|
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കരുതെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്. എന്നാൽ അത് ഫലപ്രദമായിരുന്നില്ല. ജീവൻ രക്ഷാമരുന്നുകളായ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തുടരുന്നത് പരിഹരിക്കാൻ ആരോഗ്യവകുപ്പ് കെമിസ്റ്റുകളുമായി ബന്ധപ്പെട്ടുവരികയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള വിൽപന തടയൽ. കേരളത്തിൽ കാൽലക്ഷത്തോളം മരുന്നുകടകളാണുള്ളത്. നാലായിരത്തോളം മൊത്തക്കച്ചവടക്കാരും ഇരുപതിനായിരത്തിലേറെ മരുന്നുകടകളുമെന്നാണ് കണക്ക്. ഇവിടങ്ങളിലെല്ലാം നിർദേശം കർശനമായി പാലിക്കുമെന്ന് ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് എകെസിഡിഎ.
സംസ്ഥാനത്ത് ഒരുവർഷം വിൽക്കുന്ന മരുന്നിന്റെ 12- 13 ശതമാനം ആന്റിബയോട്ടിക്കുകളാണെന്നാണ് കണക്ക്. ഏതാണ്ട് 1600 കോടിയുടെ മരുന്നുവിൽപനയുണ്ട്. ദേശീയതലത്തിലും ഔഷധവ്യാപാരത്തിന്റെ 12 ശതമാനം ആന്റിബയോട്ടിക്കുകളാണ്.


