കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിലെ ഡോക്ടറെ ബലാൽസംഗം ചെയ്തു ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇരയുടെ കുടുംബത്തിന് സർക്കാർ 17 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സീൽദാ അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. എന്നാൽ നഷ്ടപരിഹാരം ആവശ്യമില്ലെന്ന് പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചു.
|
നിർഭയ കേസിന് സമാനമായി പ്രതിയ്ക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ അപൂർവങ്ങളിൽ അപൂർവമല്ല കേസ് എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സഞ്ജയ് റോയി കുറ്റക്കാരനെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. താൻ യാതൊരു തെറ്റും ചെയ്തില്ലെന്നും പോലീസ് തന്നെ കുടുക്കിയതാണെന്നുമാണ് പ്രതി വാദിച്ചത്.
2024 ആഗസ്ത് ഒൻപതാം തീയതിയാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് സെമിനാർ ഹാളിൽ ഉറങ്ങുമ്പോഴായിരുന്നു വനിതാ ഡോക്ടറെ ഇയാൾ ആക്രമിച്ചത്. ലൈംഗികാക്രമണത്തെ ഡോക്ടർ എതിർത്തതോടെ ഇയാൾ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





