ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം വീണ്ടും ആന്‍ഫീല്‍ഡിലേക്ക്. (Liverpool won premier league 2025)അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ചെമ്പടയുടെ നേട്ടം. ലീഗില്‍ നാല് മത്സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് ലിവര്‍പൂളിന്റെ വിജയഗാഥ.
|
ഞായറാഴ്ച നടന്ന ടോട്ടനത്തിനെതിരായ മത്സരത്തില്‍ സമനില മാത്രം മതിയായിരുന്നു ടീമിന് ചാമ്പ്യന്‍മാരാകാന്‍. എന്നാല്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വിജയിച്ച് ആധികാരികമായി തന്നെ ലിവര്‍പൂള്‍ വിജയകിരീടം ചൂടി.
കളിയുടെ 12 -ാം മിനിറ്റില്‍ ഡൊമിനിക് സോലങ്കയിലൂടെ ടോട്ടന്‍ഹാമാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 16 -ാം മിനിറ്റില്‍ ലൂയിസ് ഡയസ് ലിവര്‍പൂളിന് സമനില സമ്മാനിച്ചു. 24 -ാം മിനിറ്റില്‍ മധ്യനിര താരം മാക് അലിസ്റ്ററിന്റെ മനോഹരമായ ഷോട്ടില്‍ ലിവര്‍പൂള്‍ മുന്നിലെത്തി. 34 -ാം മിനിറ്റില്‍ ഡച്ച് താരം ഗാക്‌പോയും വലകുലുക്കിയതോടെ ആദ്യ പകുതി 3-1 ന് പിരിഞ്ഞു.
63 -ാം മിനിറ്റില്‍ മുഹമ്മദ് സലാഹിന്റെ ഗോളില്‍ ലിവര്‍പൂള്‍ ലീഡ് മൂന്നായി ഉയര്‍ത്തി. 69 -ാം മിനിറ്റില്‍ ടോട്ടന്‍ഹാമിന്റെ ഓണ്‍ഗോള്‍ കൂടിയായതോടെ ആതിഥേയര്‍ 5 തികച്ചു.
മുപ്പതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2020-ല്‍ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം തിരിച്ചുപിടിച്ചപ്പോള്‍ ആന്‍ഫീല്‍ഡ് സ്റ്റേഡിയം ഗ്യാലറി കാലിയായിരുന്നു. കോവിഡ് നിയന്ത്രണങ്ങളാണ് ആരാധകരെ അന്ന് അകറ്റിയത്. എന്നാല്‍, അഞ്ചുവര്‍ഷത്തിന് ശേഷം സ്വന്തം തട്ടകത്തില്‍ കപ്പടിക്കുന്നത് കാണാന്‍ ആയിരങ്ങളാണ് ആന്‍ഫീല്‍ഡിലേക്ക് ഒഴുകിയെത്തിയത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ 20 ഇംഗ്ലീഷ് ലീഗ് കിരീടമെന്ന റെക്കാഡിനൊപ്പമെത്താനും ഇതോടെ ലിവര്‍പൂളിനായി. പ്രീമിയര്‍ ലീഗില്‍ ചുമതലയേറ്റ ആദ്യ സീസണില്‍ത്തന്നെ ടീമിനെ ചാമ്പ്യന്മാരാക്കിയ ഹോസെ മൗറീന്യൊ, കാര്‍ലോ ആഞ്ചലോട്ടി, മാനുവല്‍ പെല്ലിഗ്രിനി, അന്റോണിയൊ കോണ്ടെ എന്നിവരുടെ നിരയില്‍ സ്ഥാനംനേടാനും ആര്‍നെ സ്ലോട്ടിനായി.


