31
Oct 2024
Sat
31 Oct 2024 Sat
Lorry Udama Manaf visits Arjun s Family

വിവാദങ്ങളൊക്കെ അവസാനിക്കുകയാണെന്ന് ലോറിയുടമ മനാഫ്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്റെ കോഴിക്കോട്ടെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം ലോറി ഉടമ മനാഫ് എന്ന തന്റെ യുട്യൂബ് ചാനലിലൂടെയാണ് മനാഫ് ഇക്കാര്യം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിനെതിരേ ഇനി സംഘി, അളിയന്‍ എന്ന പരാമര്‍ശങ്ങള്‍ ഇനിയാരും നടത്തരുതെന്ന് മനാഫ് അഭ്യര്‍ഥിച്ചു. തന്റെയീ വീഡിയോക്ക് താഴെ ആരും വര്‍ഗീയ കമന്റുകളിടരുതെന്നും മനാഫ് അപേക്ഷിച്ചു.

താനൊരു സാധാരണക്കാരനാണെന്നും താനുദ്ദേശിച്ച കാര്യങ്ങളല്ല പറഞ്ഞുവന്നപ്പോള്‍ ഉണ്ടായതെന്നു അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. തനിക്കു ചിലര്‍ സംഘിപ്പട്ടം ചാര്‍ത്തിതന്നിരിക്കുകയാണെന്നും ജിതിന്‍ പറഞ്ഞു.

അര്‍ജുനെ കാണാതായതു മുതല്‍ ബിസിനസ് മാറ്റിവച്ച് ജിതിന്‍ ഷിരൂരില്‍ വന്ന് നിന്നയാളാണെന്നും ഏവര്‍ക്കും മാതൃകയാണ് ജിതിനെന്നും മനാഫ് പറഞ്ഞു. ജിതിനെ പ്രവൃത്തി പ്രശംസനീയമാണെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു. അര്‍ജുന്റെ അനുജനും മനാഫിന്റെ സഹോദരന്‍ മുബീനുമാണ് യുട്യൂബ് ചാനലിലൂടെ സമൂഹത്തോട് സംസാരിച്ചത്. തങ്ങളോട് കൂടെ നിന്ന എല്ലാവര്‍ക്കും തന്റെയും അര്‍ജുന്റെ കുടുംബത്തിന്റെയും പേരില്‍ മനാഫ് നന്ദി പറയുകയും ചെയ്തു.

മനാഫ് തങ്ങളുടെ വൈകാരികത മുതലെടുക്കുകയാണെന്നും യുട്യൂബ് ചാനലുണ്ടാക്കി തിരച്ചില്‍ വരെ വഴിതിരിച്ചുവിട്ടുവെന്നും അര്‍ജുന്റെ കുടുംബം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇതൊക്കെ നിഷേധിച്ച് മനാഫും രംഗത്തുവന്നിരുന്നു. അര്‍ജുന്റെ കുടുംബത്തിന്റെ വാര്‍ത്താസമ്മേളനത്തിനു ശേഷം മനാഫിന്റെ യുട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം മണിക്കൂറുകള്‍കൊണ്ട് കുതിച്ചുയരുകയാണ്. അഞ്ചുലക്ഷത്തോട് അടുത്തിരിക്കുകയാണ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക