|
ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ 12കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. 38കാരനായ ഒരു ഓട്ടോ ഡ്രൈവറാണ് അറസ്റ്റിലായത്. ജീവന് ഖേരിയില്‍ വച്ച് പെണ്‍കുട്ടി ഓട്ടോയില്‍ കയറിയതിന്റെ സിസിടിവി വീഡിയോ പൊലീസിന് ലഭിച്ചിരുന്നു. പിന്നീട് ഓട്ടോയില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ രക്തക്കറ കണ്ടെത്തി. ഇയാള്‍ക്കൊപ്പം മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ ഒരാളും ഓട്ടോ ഡ്രൈവറാണ്.
പീഡനത്തിനിരയായി ഉപേക്ഷിക്കപ്പെട്ട കുട്ടി രക്തമൊലിച്ച് അര്‍ധ നഗ്നയായി സഹായം തേടി വീടുവീടാന്തരം കയറിയിറങ്ങിയ പന്ത്രണ്ടുകാരിയുടെ വീഡിയോ രാജ്യത്തെ ഞെട്ടിച്ചിരുന്നു. കുട്ടി തെരുവിലൂടെ നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എട്ട് കിലോമീറ്ററോളം കുട്ടി നടന്നെന്നും ഈ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു. സഹായം ചോദിക്കുന്ന കുട്ടിയെ നാട്ടുകാര്‍ ആട്ടിയോടിക്കുന്നത് അടക്കം നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. 1 മിനിറ്റ് 7 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നത്. ഇതോടെ സംഭവത്തില്‍ വലിയ ജനരോഷം ഉയര്‍ന്നിരുന്നു.
ബലാത്സംഗ ശേഷം നഗരത്തിലെ ബദ്നഗര്‍ റോഡിലെ ദണ്ഡി ആശ്രമത്തിന് സമീപം കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടി ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് സ്വദേശിയാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്‍ഡോറിലേക്ക് മാറ്റി.
അതേസമയം, പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച ആശ്രമത്തിലെ പുരോഹിതന്റെ പ്രതികരണം പുറത്ത്.
താന്‍ കാണുമ്പോള്‍ കുട്ടി അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് സന്യാസി രാഹുല്‍ ശര്‍മ പറഞ്ഞു. ഉജ്ജയിന്‍ നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ബദ്നഗര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ആശ്രമത്തിലെ പുരോഹിതനാണ് രാഹുല്‍. തിങ്കളാഴ്ച രാവിലെ 9.30 ഓടെ ആശ്രമത്തില്‍ നിന്ന് ജോലിക്ക് പോകുമ്പോള്‍ ഗേറ്റിന് സമീപം നിലയില്‍ രക്തം വാര്‍ന്ന നിലയില്‍ പെണ്‍കുട്ടിയെ രാഹുല്‍ കണ്ടിരുന്നു. ‘ഞാന്‍ അവള്‍ക്ക് എന്റെ വസ്ത്രങ്ങള്‍ കൊടുത്തു. അവളുടെ ദേഹത്തു നിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു. സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. അവളുടെ കണ്ണുകള്‍ വീര്‍ത്തിരുന്നു. ഞാന്‍ 100 ല്‍ വിളിച്ചു. ഹെല്പ് ലൈനില്‍ പൊലീസിനെ ബന്ധപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍, ഞാന്‍ മഹാകാല്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ അറിയിച്ചു. ഏകദേശം 20 മിനിറ്റിനുള്ളില്‍ പൊലീസ് ആശ്രമത്തിലെത്തി,’ അദ്ദേഹം പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





